
തിരൂരങ്ങാടി: പ്രാദേശിക ബിസിനസ്സുകളെ ആഗോള തലത്തിലേക്ക് ഉയർത്താനും സംരംഭകർക്ക് ദിശാബോധവും പ്രൊഫഷണൽ മാനേജ്‌മെന്റ് കാഴ്ചപ്പാടുകളും പകർന്നുനൽകാനുമായി തിരൂരങ്ങാടി എം.എൽ.എ. പി. എം. എ. സമീറിന്റെ എം.എൽ.എ. ഡെവലപ്പ്മെന്റ് ഹബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്‌കെയിൽ അപ്പ് യുവർ ബിസിനസ്’ സംഗമം ശ്രദ്ധേയമായി. കോഴിച്ചെന ലൈവ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ ബിസിനസ് വിദഗ്ദ്ധരും പ്രാദേശിക സംരംഭകരും പങ്കെടുത്തു.
രാവിലെ പത്ത് മണിയോടെ ആരംഭിച്ച പരിപാടിയിൽ പി. എം. എ. സമീർ എം.എൽ.എ ആമുഖ ഭാഷണം നടത്തി. മണ്ഡലത്തിലെ ബിസിനസ്സുകളെ ആധുനിക രീതിയിലേക്ക് മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യകതയും പുതിയ കാലഘട്ടത്തിൽ സിസ്റ്റം അധിഷ്ഠിതമായി വളരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
തുടർന്ന് വിഷയാധിഷ്ഠിതമായി നടന്ന നാല് സെഷനുകൾ പങ്കെടുക്കാനെത്തിയവർക്ക് ഏറെ അറിവു പകരുന്നതായിരുന്നു. ആദ്യ സെഷനിൽ ‘ഗവേണൻസ്, ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഐ.പി.ഒ. റെഡിനസ്’ എന്ന വിഷയത്തിൽ സംസാരിച്ച ആഷിഖ് സി.എസ്., ഒരു ബിസിനസ് സ്ഥാപനത്തിന് ആവശ്യമായ ശരിയായ ഭരണസംവിധാനം, പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പ്രായോഗിക വഴികൾ, ഭാവിയിൽ ഐ.പി.ഒ. വഴി പൊതുവിപണിയിൽ നിന്ന് മൂലധനം സമാഹരിക്കാൻ സ്ഥാപനങ്ങളെ എങ്ങനെ പ്രാപ്തമാക്കാം എന്നിവ വിശദമായി ചർച്ച ചെയ്തു.
രണ്ടാമത്തെ സെഷനിൽ ‘ലീഡർഷിപ്പ്’ എന്ന വിഷയത്തിൽ ക്ലാസെടുത്ത റിയാസ് ഹക്കീം, ബിസിനസ് വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിലും വിപണിയിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടക്കുന്നതിലും ശക്തമായ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ചും ടീമിനെ കാര്യക്ഷമമായി നയിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
കേവലം വ്യക്തി കേന്ദ്രീകൃതമായ അവസ്ഥയിൽ നിന്ന് മാറി സ്ഥാപനങ്ങളെ പ്രൊഫഷണൽ മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് മാറ്റേണ്ടതിന്റെ പ്രായോഗിക രീതികൾ മൂന്നാമത്തെ സെഷനിൽ രഞ്ജിത്ത് ബ്രഹ്മ അവതരിപ്പിച്ചു. ‘ഫൗണ്ടർ ലെഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊഫഷണലി മാനേജ്‌ഡ് സ്ഥാപനങ്ങളിലേക്കുള്ള മാറ്റം’ എന്ന വിഷയത്തിലൂന്നി സംസാരിച്ച അദ്ദേഹം, ബിസിനസ് ഘടനയെ സുതാര്യവും സിസ്റ്റം അധിഷ്ഠിതവുമാക്കുന്നതിനെക്കുറിച്ച് കൃത്യമായ രൂപരേഖ നൽകി.
തുടർന്ന് നടന്ന നാലാമത്തെ സെഷനിൽ ഐസക് സി.എസ്. ബിസിനസ് വിപണി സാധ്യതകളെക്കുറിച്ചും വിപണിയിൽ പുതിയ ഉൽപന്നങ്ങളും സേവനങ്ങളും എങ്ങനെ വിജയകരമായി എത്തിക്കാം എന്നതിനെക്കുറിച്ചും സംസാരിച്ചു. ഇന്നത്തെ മത്സരവിപണിയിൽ ബ്രാൻഡിംഗും മാർക്കറ്റിംഗ് തന്ത്രങ്ങളും ബിസിനസ് വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിച്ച അദ്ദേഹം ബിസിനസിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രത്യേകം പറഞ്ഞു.
തുടർന്ന് വനിതാ സംരംഭകർക്കായി പ്രത്യേക പാനൽ ചർച്ചയും സംഘടിപ്പിച്ചു. ‘വുമൺ ഇൻ ബിസിനസ്: ഫ്രം അമ്പീഷൻ റ്റു ഇംപാക്റ്റ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പ്രമുഖ വനിതാ സംരംഭകരായ ശ്രീ ലക്ഷ്മി, സൈമ നദീം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഷഹാന ഷർത്തു. മോഡറേറ്ററായിരുന്നു. സ്വന്തമായി ബിസിനസ് ആരംഭിക്കാനും അത് വിജയകരമായി വളർത്താനും ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമേകുന്നതായിരുന്നു ഈ സെഷൻ.
ഓരോ സെഷനു ശേഷവും പങ്കെടുത്തവർക്കായി വിപുലമായ ചോദ്യോത്തര വേളയും ഒരുക്കിയിരുന്നു. സംരംഭകരുടെ സംശയങ്ങൾക്ക് വിദഗ്ദ്ധർ കൃത്യമായ മറുപടിയും നിർദ്ദേശങ്ങളും നൽകി. വിജയകരമായി പൂർത്തിയായ സംഗമം തിരൂരങ്ങാടി മണ്ഡലത്തിലെ ബിസിനസ് മേഖലയ്ക്ക് പുതിയൊരു ദിശാബോധവും ഊർജ്ജവും നൽകുന്നതായിരുന്നു.
