Home » Blog » kerala Max » ജോലി നഷ്ടപ്പെട്ടതിലുള്ള വിരോധം; മുൻ സെക്യൂരിറ്റി ജീവനക്കാരൻ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക തിരച്ചിൽ
crime-5-1-e1752734291151

<strong>സെക്കന്ദരാബാദ്</strong>: തെലങ്കാനയിലെ സെക്കന്ദരാബാദിന് സമീപത്ത് നിന്ന് കാണാതായ അഞ്ച് വയസുകാരി കൊല്ലപ്പെട്ടനിലയിൽ. കൃഷി ശാസ്ത്രജ്ഞനായ ഫെർണാണ്ടസ് മോസസിന്റെ അഞ്ച് വയസ്സുള്ള മകൾ ഔറേലി മോസസ് ഫെർണാണ്ടസ് ആണ് കൊല്ലപ്പെട്ടത്. ബൊല്ലാറം പോലീസ് സ്റ്റേഷൻ പരിധിയിലെ വില്ല ഓർക്കിഡ്സ് എന്ന വില്ല സമുച്ചയത്തിൽ നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് ഔറേലി മോസസ് ഫെർണാണ്ടസിനെ കാണാതായത്. വൈകുന്നേരം സ്വന്തം വില്ലയ്ക്ക് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ വില്ല സമുച്ചയത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനാണ് തട്ടിക്കൊണ്ട് പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഇയാളുടെ മോശം പെരുമാറ്റത്തിന്റെ പേരിൽ വിക്രമിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. വിക്രമിനെ പിരിച്ചുവിടാൻ മുന്നിൽ നിന്നവരിൽ കുട്ടിയുടെ മുത്തശ്ശനും ഉൾപ്പെട്ടിരുന്നു. ഈ വ്യക്തിവൈരാഗ്യമാണ് ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പോലീസ് വിശദമാക്കുന്നത്. ശനിയാഴ്ച വൈകുന്നേരം വിക്രം 5 വയസുകാരിയുടെ വീട്ടുകാരെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ചോദിച്ചിരുന്നു.പണം നൽകാമെന്ന് കുടുംബം സമ്മതിച്ചെങ്കിലും തുക കൈപ്പറ്റുന്നതിന് പകരം പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപക തിരച്ചിൽ നടത്തിയത്.

ഈ അന്വേഷണത്തിനിടയിലാണ് ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ ക്ലബ്ബ് ഹൗസിന്റെ സെല്ലാറിലുള്ള ടാങ്കിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിക്രം കുട്ടിയെ പിന്തുടരുന്നത് വ്യക്തമായി കണ്ടിട്ടുണ്ട്. പോലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ കുട്ടിയെ വധിച്ച ശേഷം മൃതദേഹം വാട്ടർ ടാങ്കിൽ തള്ളുകയായിരുന്നു.പ്രതിയെ പിടികൂടാനായി പോലീസ് 10 പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *