തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലെ 70 ഡിവിഷനുകളിലേക്കുള്ള ഇടത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് അറിയിച്ചു. g2 അതിവേഗം, ഭാവനാപൂർണ്ണമായ വികസനം
നടപ്പാക്കാൻ കഴിഞ്ഞെന്നും, അതിനാൽ അഭിമാനത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി കോർപ്പറേഷനിലെ ആകെ 76 ഡിവിഷനുകളിൽ, നിലവിൽ 70 എണ്ണത്തിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള ആറ് ഡിവിഷനുകളിലെ പ്രഖ്യാപനം പിന്നീട് ഉണ്ടാകും. സീറ്റ് വിഹിതം ഇപ്രകാരമാണ്, സിപിഐഎം – 59, സിപിഐ – 8, കെസി(എം) – 3, ജെഡിഎസ് – 2, എൻസിപി – 2. കോൺഗ്രസ് (എസ്), ഐഎൻഎൽ എന്നീ കക്ഷികൾക്ക് ഓരോ സീറ്റുകൾ വീതമാണ് നൽകിയിരിക്കുന്നത്. പ്രഖ്യാപനം ബാക്കിയുള്ള ഡിവിഷനുകൾ പൂണിത്തുറ, മട്ടാഞ്ചേരി, ഗിരിനഗർ, കടവന്ത്ര, പെരുമാനൂർ, പനമ്പിള്ളി നഗർ എന്നിവയാണ്.
സ്ഥാനാർത്ഥി പട്ടികയിൽ നിലവിലെ കൗൺസിലർമാരായ 9 പേർ വീണ്ടും മത്സരിക്കുന്നുണ്ട്. ആകെ 43 വനിതാ സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്, ഇതിൽ 40 വയസ്സിൽ താഴെയുള്ള 7 പേരും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ഇടത് ഭരണകാലത്ത് ഒരു അഴിമതി ആരോപണം പോലും യുഡിഎഫിന് ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് തങ്ങളുടെ പ്രധാന നേട്ടമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. കൃത്യമായ വികസന രേഖ തയ്യാറാക്കി ഇതിനകം വീടുകളിൽ എത്തിച്ചിട്ടുണ്ടെന്നും മാലിന്യ പ്രശ്നം പരിഹരിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
