
ഡൽഹി: ജന്തർമന്തറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി എ.സി.പി വിവേക് ഭഗത് ലൈംഗികമായി അതിക്രമം നടത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന് ആരോപിച്ച മാധ്യമപ്രവർത്തകയെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. രാവിലെ കസ്റ്റഡിയിലെടുത്ത ഇവരെ ഡൽഹി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച പരാതിക്കാരിയായ മാധ്യമപ്രവർത്തക അടക്കമുള്ള പതിനെട്ടോളം പ്രതിഷേധക്കാരെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസവും ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു.
ഒക്ടോബർ മൂന്നിന് ജന്തർമന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പോലീസുകാരിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ സി.സി.ടി.വി ദൃശ്യങ്ങൾ വിട്ടുനൽകാനോ ഡൽഹി പോലീസ് തയ്യാറായിട്ടില്ലെന്ന് കസ്റ്റഡിയിലായ പ്രതിഷേധക്കാർ ആരോപിച്ചു.
