
സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’ സിനിമയിലെ നാലാമത്തെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നോറ ഫത്തേഹിയുടെ മികച്ച ഡാൻസ് പെർഫോമൻസുമായി ‘ബിൻഡാസ്’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ഹൂക്ക് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അനിരുദ്ധും ദീപ്തി സുരേഷും ചേർന്ന് ആലപിച്ചിരിക്കുന്ന പാട്ടിന്റെ വരികൾ സൂപ്പർ സുബുവാണ് നിർവഹിച്ചിരിക്കുന്നത്. നോറയുടെ ഹൈ-എനർജി ഡാൻസും അനിരുദ്ധിന്റെ മാസ് മ്യൂസിക്കും ചേർന്നതോടെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഇതിനിടയിൽ ‘ജയിലർ 2’ സിനിമയുടെ ജ്യൂക്ക് ബോക്സും അനിരുദ്ധ് പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ മുഴുവൻ ട്രാക്കുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ഭാഗത്തിന് സമാനമായി കിടിലൻ ബിജിഎമ്മുകളും ഗാനങ്ങളുമാണ് രണ്ടാം ഭാഗത്തിനും അനിരുദ്ധ് ഒരുക്കിയിരിക്കുന്നത് എന്നാണ് ആരാധകരുടെ അഭിപ്രായം. ഒക്ടോബർ 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ക്യാരക്ടർ ടീസറുകളും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്ടർ ടീസറാണ് അണിയറക്കാർ ആദ്യം പുറത്തുവിട്ടത്. എട്ട് മില്യനിലധികം കാഴ്ചക്കാരെയാണ് ഈ ടീസർ ഇതിനോടകം സ്വന്തമാക്കിയത്. സുരാജിന് പുറമെ വിദ്യ ബാലന്റെയും എസ്.ജെ സൂര്യയുടെയും ക്യാരക്ടർ ടീസറുകളും പുറത്തുവന്നിട്ടുണ്ട്. അനിരുദ്ധിന്റെ മാസ് ബിജിഎം തന്നെയാണ് ഈ ടീസറുകളുടെയെല്ലാം പ്രധാന ആകർഷണം.
