Home » Blog » kerala Max » “മുഖ്യമന്ത്രിയുടെ ചെവിയിലേക്ക് ഓതേണ്ട കാര്യമല്ല, അറിഞ്ഞു ചെയ്യണം, ഇല്ലെങ്കില്‍ ജനങ്ങൾ എന്നോട് ചോദിച്ചു തുടങ്ങും, പലതും അറിയുന്നത് മാധ്യമങ്ങളിലൂടെ” ; വി ഡി സതീശനെതിരെ അടൂര്‍ പ്രകാശ്
18

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫിൽ പൊട്ടിത്തെറി. താനറിയാതെ പല കാര്യങ്ങളും മുന്നണിക്കുള്ളിൽ നടക്കുന്നുവെന്ന് തുറന്നുപറഞ്ഞ് യു.ഡി.എഫ്. കൺവീനർ. കാര്യങ്ങൾ വിളിച്ചുപറയാൻ കഴിയാത്തത്ര തിരക്കുണ്ടാകും. എങ്കിലും മാധ്യമങ്ങളിൽ കൂടിമാത്രം കാര്യങ്ങൾ അറിഞ്ഞാൽ മതിയെന്നത് ശരിയല്ലെന്ന് അടൂർ പ്രകാശ് തുറന്നടിച്ചു. യു.ഡി.എഫ്. ചെയർമാനായ മുഖ്യമന്ത്രിയാണ് യോഗം ചേരാൻ മുൻകൈ എടുക്കേണ്ടത്. ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിലേക്ക് ഓതേണ്ട കാര്യമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ക്യാബിനറ്റ് പദവി ലഭിച്ചവരെ തള്ളിപ്പറയുകയല്ല. പക്ഷേ, ഇത്തരം കാര്യങ്ങൾ യു.ഡി.എഫ്. അറിഞ്ഞിരിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.

“യു.ഡി.എഫ്. കൺവീനർ എന്ന നിലയിൽ ഒരു ചർച്ചയും ആലോചനയും ഇല്ലാതെയാണ് പല കാര്യങ്ങളും വന്നിട്ടുള്ളത്. ഇത് പരാതിയായിട്ട് പറയുകയല്ല. എങ്കിലും പറയാനുള്ള കാര്യങ്ങൾ പങ്കുവെച്ചില്ലെങ്കിൽ ജനങ്ങൾ എന്നോടുതന്നെ ചോദിച്ചു തുടങ്ങും. അതിന് അവസരം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇക്കാര്യം പറയുന്നത്” – അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വേണ്ടവിധത്തിൽ ഏകോപനം ഉണ്ടായില്ല. വൈദ്യുതി പ്രതിസന്ധി പലരിലും അതൃപ്തി ഉണ്ടാക്കിയെന്നും അടൂർ പ്രകാശ് തുറന്നു പറഞ്ഞു. “പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത ഉണ്ടാകുന്ന അവസരത്തിൽ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. എന്നെ ചുമതല ഏൽപ്പിച്ചത് എഐസിസിയാണ്. ഇക്കാര്യങ്ങൾ മറച്ചുവെച്ചിട്ട് കാര്യമില്ല. ജനങ്ങൾ കൂടി അറിയണം എന്നുള്ളതുകൊണ്ടാണ് പറയുന്നത്. നിരവധി പാർട്ടി പ്രവർത്തകരുടെയും യുഡിഎഫിനെ സ്നേഹിക്കുന്നവരുടേയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരുന്നു എന്നതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പങ്കുവെച്ചത്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഒരു ചർച്ചയും ആലോചനയും ഇല്ലാതെയാണ് പല കാര്യങ്ങളും വന്നിട്ടുള്ളത്” – അടൂർ പ്രകാശ് പറഞ്ഞു.

എ.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതുമായി ബന്ധപ്പെട്ട തീരുമാനത്തിന് പിന്നാലെയാണ് അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയത്. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം എം.കെ. മുനീറിന് നൽകിയിരുന്നു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ഒപ്പം ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും ക്യാബിനറ്റോടെ നിയമനം നൽകിയിരുന്നു. ഇക്കാര്യം യു.ഡി.എഫിൽ ചർച്ചയായിട്ടില്ലെന്നാണ് അടൂർ പ്രകാശ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *