Home » Blog » Kerala » കറുത്തവനെന്നോ തടിയനെന്നോ ഉള്ള വിളികൾ വിവാഹമോചനത്തിന് നിയമപരമായ കാര്യമല്ലെന്ന് ഹൈക്കോടതി വിധി
marriage-divorce_d6904734-6647-11e6-b372-5e31f535a023

റായ്‌പൂർ: ഭർത്താവിനെ ‘കറുത്തവൻ’ എന്നോ ‘തടിയൻ’ എന്നോ ഭാര്യ വിളിക്കുന്നത് വിവാഹമോചനം അനുവദിക്കുന്നതിനുള്ള മാനസിക ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യ തന്നോട് ക്രൂരമായി പെരുമാറിയെന്നും തന്നെ ഉപേക്ഷിച്ചു പോയെന്നും കാണിച്ച് ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പാർത്ഥ് പ്രതീം സാഹു, ജസ്റ്റിസ് സച്ചിൻ സിങ് രാജ്പുത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്.

 

2019 മാർച്ച് 7-നാണ് ജാൻജ്ഗിർ-ചമ്പ സ്വദേശിയായ യുവാവും റായ്ഗഢ് സ്വദേശിനിയും വിവാഹിതരായത്. വിവാഹശേഷം രണ്ടു മൂന്ന് മാസം മാത്രമാണ് ഭാര്യ ഒപ്പം താമസിച്ചതെന്നും, ഈ സമയത്ത് തന്റെ ശരീരപ്രകൃതിയെയും നിറത്തെയും അധിക്ഷേപിക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഭർത്താവിന്റെ ആരോപണം. കൂടാതെ അനുവാദമില്ലാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി പിന്നീട് തിരികെ വന്നില്ലെന്നും ഇയാൾ ഹർജിയിൽ വാദിച്ചു.

 

എന്നാൽ ഈ ആരോപണങ്ങളെല്ലാം ഭാര്യ കോടതിയിൽ നിഷേധിച്ചു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും, ഗർഭിണിയായിരുന്ന സമയത്ത് പോലും തനിക്ക് ചികിത്സ ലഭ്യമാക്കാതെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതി വ്യക്തമാക്കി. ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് വിളിക്കാൻ ഭർത്താവും കുടുംബവും കൂട്ടാക്കിയില്ലെന്നും യുവതി കോടതിയെ അറിയിച്ചു.

 

കേസിലെ തെളിവുകൾ പരിശോധിച്ച ഹൈക്കോടതി, ഭർത്താവ് ഉന്നയിച്ച ക്രൂരതയോ ഉപേക്ഷിച്ചുപോകലോ തെളിയിക്കാൻ തക്ക വ്യക്തമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് വിലയിരുത്തി. ഭർത്താവ് ഉന്നയിച്ച തരം കളിയാക്കലുകൾ വിവാഹമോചനം അനുവദിക്കാനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. മുൻപ് കുടുംബ കോടതിയും യുവാവിന്റെ ഹർജി തള്ളുകയും ഭാര്യയുടെ സ്ത്രീധന വസ്തുക്കളും സമ്മാനങ്ങളും തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിക്കുകയും അപ്പീൽ തള്ളുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *