e948566a524bcca593e003820e9a003bf51e676fcaa26a264ecf88d0274dd6f8.0

യു.എ.ഇ.യുടെ വിവിധ മേഖലകളിൽ പൊടിക്കാറ്റ് ശക്തമായ സാഹചര്യത്തിൽ, ആവശ്യമായ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് മുന്നറിയിപ്പ് നൽകി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പൊടിക്കാറ്റ് ഉള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം. കൂടാതെ, പൊടിപടലങ്ങൾ ഉയരുമ്പോൾ താമസസ്ഥലങ്ങളിലെ വാതിലുകളും ജനലുകളും തുറന്നിടരുതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ശക്തമായ കാറ്റുള്ളപ്പോഴും ദൂരക്കാഴ്ച മങ്ങുന്ന സമയങ്ങളിലും യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. അഥവാ, പൊടിക്കാറ്റിൽ പുറത്തുപോകേണ്ട സാഹചര്യമുണ്ടായാൽ മാസ്ക് ധരിക്കുകയോ അല്ലെങ്കിൽ മൂക്കും വായും നനഞ്ഞ തുണികൊണ്ട് മറയ്ക്കുകയോ ചെയ്യേണ്ടതാണ്. വാഹനമോടിക്കുമ്പോൾ കാറിന്റെ ജനലുകൾ തുറക്കരുതെന്നും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് നിർദ്ദേശിക്കുന്നു.

രാജ്യത്ത് ഇന്നും പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒപ്പം പൊടിക്കാറ്റ് അനുഭവപ്പെടാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലേക്ക് പൊടിക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായതോ അല്ലെങ്കിൽ ചില സമയങ്ങളിൽ പൂർണ്ണമായും മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. യു.എ.ഇ.യിൽ ഈ ആഴ്ച തണുപ്പുള്ള കാലാവസ്ഥയോടെ തുടങ്ങാനും താപനില കുറയാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തെക്ക് കിഴക്കൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിൽ വീശും, പിന്നീട് കാറ്റ് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് മാറും. കാറ്റിന്റെ വേഗത മണിക്കൂറിൽ 10-20 കിലോമീറ്ററും ചില സമയങ്ങളിൽ 30 കി.മീ വരെയും എത്താം. കടൽ പൊതുവെ ശാന്തമായിരിക്കും. ദുബായിൽ 23°C, ഷാർജയിൽ 19°C, അബുദാബിയിൽ 22°C വരെ താപനില താഴാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *