ഐ.പി.എൽ ക്രിക്കറ്റ് സർക്കിളുകളിൽ നിലവിലെ ഹോട്ട് ടോപ്പിക് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (സി.എസ്.കെ.) ട്രേഡ് ചെയ്യപ്പെടുമോ എന്നതാണ്. ഈ വിഷയത്തിൽ അധികം വൈകാതെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജുവിനെ ടീമിലെത്തിക്കാൻ സി.എസ്.കെ. ശ്രമിക്കുമ്പോൾ, പകരമായി സി.എസ്.കെയുടെ വിശ്വസ്ത താരം രവീന്ദ്ര ജഡേജയെ നൽകണമെന്നാണ് രാജസ്ഥാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജഡേജയെ വിട്ടുനൽകാൻ സി.എസ്.കെ. സമ്മതിച്ചെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു.
ജഡേജയെ വിട്ടാൽ അത് വലിയ പിഴവ്
ഇപ്പോഴിതാ ഈ ട്രേഡിംഗ് നീക്കത്തിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ താരം പ്രിയങ്ക് പാഞ്ചൽ. സഞ്ജുവിന് വേണ്ടി ജഡേജയെ വിട്ടുകളയുന്നത് സി.എസ്.കെ ചെയ്യുന്ന ഏറ്റവും വലിയ പിഴവാണെന്നാണ് പാഞ്ചലിന്റെ നിലപാട്.
“സഞ്ജുവിന് വേണ്ടി ജഡേജ ഭായിയെ വിൽക്കാനൊരുങ്ങുന്നത് ചെന്നൈ സൂപ്പർ കിംഗ്സ് ചെയ്യുന്ന ഏറ്റവും വലിയ പിഴവാണ്. ഇതിഹാസങ്ങൾക്കൊപ്പം എന്നും ഉറച്ചുനിന്നിട്ടുള്ള ഒരു ക്ലബ്ബ്, വളരെക്കാലം അക്ഷീണം പ്രയത്നിച്ച, ഒരുപാട് കിരീടങ്ങൾ നേടിയിട്ടുള്ള, ടീമിന്റെ മുഖമായ ഒരു താരത്തെ വിട്ടുകൊടുക്കരുത്,” പാഞ്ചൽ X-ൽ കുറിച്ചു.
അഭ്യൂഹങ്ങൾക്കിടെ ജഡേജ ‘അപ്രത്യക്ഷനായി’
ട്രേഡ് അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, സൂപ്പർ താരം രവീന്ദ്ര ജഡേജയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത് ആരാധകർക്കിടയിൽ വലിയ ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്. ജഡേജ സി.എസ്.കെ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇത് കൂടുതൽ ശക്തി പകരുകയാണ്. ഓൾറൗണ്ടർ താൽക്കാലികമായി അക്കൗണ്ട് ഇനാക്ടീവ് ആക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്തിരിക്കാമെന്നാണ് വിലയിരുത്തൽ.
