
ബ്രസീലിൽ ലഭ്യമായ ചൂര മീനുകളിൽ വിരകളുടെ സാന്നിധ്യം കണ്ടെത്തിയെന്ന തരത്തിലുള്ള മാധ്യമ വാർത്തകളെ തുടർന്ന് ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇന്ത്യൻ സമുദ്രമേഖലയിൽ നിന്ന് പിടികൂടുന്ന ചൂമീനുകളിൽ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന വിരകളുടെയോ മറ്റ് പരാദങ്ങളുടെയോ ഭീഷണി യാതൊട്ടുമില്ലെന്നും, ഇവ പൂർണ്ണമായും സുരക്ഷിതമായി ആഹാരത്തിൽ ഉൾപ്പെടുത്താമെന്നും അധികൃതർ വ്യക്തമാക്കുന്നു.
മത്സ്യങ്ങളുടെ ജീവശാസ്ത്രപരമായ പഠനങ്ങളുടെ ഭാഗമായി ഇന്ത്യൻ തീരങ്ങളിലെ ചൂര ഉൾപ്പെടെയുള്ള വിവിധയിനം മീനുകളെ സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ നിരന്തരം നിരീക്ഷിച്ച് വരുന്നുണ്ട്. എന്നാൽ ഇതുവരെ നടത്തിയ പരിശോധനകളിലൊന്നും മനുഷ്യർക്ക് ദോഷകരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അറിയിച്ചു.
കടലിലെ പ്രത്യേക പാരിസ്ഥിതിക സാഹചര്യങ്ങളും മറ്റ് ജീവികളുടെ സാന്നിധ്യവുമാണ് ചില പ്രദേശങ്ങളിലെ മത്സ്യങ്ങളിൽ ഇത്തരം പരാദങ്ങൾ കാണപ്പെടാൻ കാരണം. എന്നാൽ ഇന്ത്യൻ സമുദ്രമേഖലയിൽ അത്തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾ നിലവിലില്ല. സാധാരണയായി മീനുകളുടെ കുടലും ആന്തരികാവയവങ്ങളും ഒഴിവാക്കി, നന്നായി കഴുകി പാകം ചെയ്തു കഴിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകില്ലെന്നും മത്സ്യങ്ങളുടെ പോഷകഗുണങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താമെന്നും സിഎംഎഫ്ആർഐ കൂട്ടിച്ചേർത്തു.
