Home » Blog » Kerala » സിഎംആർഎൽ– എക്സാലോജിക് കേസിൽ പിണറായി വിജയനും റിയാസിനുമെതിരെ ‘അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം’ ; നിയമോപദേശം
2

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും എംഎൽഎ മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശമെന്നാണ് റിപ്പോർട്ട്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7, 13(1), 20(1) എന്നിവ പിണറായി വിജയനെതിരായ കേസിൽ ബാധകമാകാമെന്നാണ് നിയമോപദേശത്തിലെ നിലപാട്. മൂന്നാം വ്യക്തി മുഖേനയോ മറ്റൊരാളുടെ പ്രയോജനത്തിനായോ കൈക്കൂലി സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നത് വകുപ്പ് ഏഴിന്റെ പരിധിയിൽ വരാമെന്നും നിയമോപദേശത്തിൽ പറയുന്നു.

കൂടാതെ, സിഎംആർഎല്ലിൽ നിന്ന് വീണ വിജയനും എക്സാലോജിക് സൊല്യൂഷൻസിനും ലഭിച്ച പണം പിണറായി വിജയന് ലഭിച്ച കൈക്കൂലിയായി കണക്കാക്കാമെന്ന ഇഡിയുടെ ആരോപണവും നിയമോപദേശത്തിൽ പരിഗണിച്ചിട്ടുണ്ട്. ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡിന് മുമ്പാകെ സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ ശശിധരൻ കർത്ത നൽകിയ മൊഴികളും ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 20 പ്രകാരമുള്ള വ്യവസ്ഥയും ഇക്കാര്യത്തിൽ ബാധകമാകാമെന്നാണ് നിയമോപദേശം.

മുഹമ്മദ് റിയാസിനെതിരെയും അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അന്വേഷണം നടത്താമെന്നാണ് നിയമോപദേശം. റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇഡി റിപ്പോർട്ടിലെ മറ്റ് ആരോപണങ്ങളും അന്വേഷിക്കാവുന്നതാണെന്നാണ് നിയമോപദേശത്തിലെ നിലപാട്. മാത്രമല്ല, ഇഡി റിപ്പോർട്ടിൽ ആവശ്യമായ തെളിവുകളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ, ആവശ്യമെങ്കിൽ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്യാമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇതോടെ കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *