JADEJA-680x450.jpg

ചെന്നൈ സൂപ്പർ കിംഗ്‌സ് വിട്ടേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെ സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാവുകയാണ്. താരത്തിന്റെ ഈ അപ്രത്യക്ഷമാകൽ ആരാധകരിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

ഐ.പി.എൽ താരലേലത്തിന് മുന്നോടിയായി ട്രേഡിംഗ് വിൻഡോയിലൂടെ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ സി.എസ്‌.കെ ശ്രമിക്കുന്നുണ്ട്. സഞ്ജുവിനെ വിട്ടുനൽകണമെങ്കിൽ പകരമായി ചെന്നൈയുടെ വിശ്വസ്ത താരം രവീന്ദ്ര ജഡേജയെ നൽകണമെന്നാണ് രാജസ്ഥാൻ റോയൽസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും പ്രതിഫലം 18 കോടി രൂപയാണ്.

ജഡേജയെ മാത്രം പോര, കൂടെ ഡിവാൾഡ് ബ്രേവിസിനെ കൂടി ആവശ്യപ്പെടുകയാണ് രാജസ്ഥാൻ. എന്നാൽ, ജഡേജയ്ക്കൊപ്പം സാം കരണിനെ വിട്ടുനൽകാമെന്നാണ് സി.എസ്‌.കെ വാഗ്ദാനം ചെയ്തത്. ഈ ഡീൽ രാജസ്ഥാൻ നിരസിച്ചതോടെ സഞ്ജുവിന്റെ ട്രേഡിംഗിൽ ഇരു ടീമുകൾക്കിടയിലും പ്രതിസന്ധി തുടരുകയാണ്.

ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച് ജഡേജയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പെട്ടെന്ന് അപ്രത്യക്ഷമായത്. ഓൾറൗണ്ടർ തന്റെ അക്കൗണ്ട് ഇനാക്ടീവ് ആക്കുകയോ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുകയോ ചെയ്തതാവാം എന്നാണ് വിലയിരുത്തൽ. രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജഡേജ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തതാകാമെന്നാണ് ഒരു വിഭാഗം ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ ഇത് വ്യക്തിപരമായ തീരുമാനമായിരിക്കാമെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ടതല്ലായിരിക്കാം എന്നും കരുതുന്നവരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *