നടൻ വിജയ്യുടെ മകനായ ജേസൺ സഞ്ജയ് സംവിധായകനാകുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘സിഗ്മ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പക്കാ ആക്ഷൻ മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സ്വർണ്ണ ബിസ്കറ്റുകൾ, കള്ളപ്പണം, ആനക്കൊമ്പ് എന്നിവ കുന്നുകൂടി കിടക്കുന്നതിന്റെ മുകളിൽ ഇരിക്കുന്ന നായകനെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
ക്യാപ്റ്റൻ മില്ലർ, രായൻ, മായാവനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടൻ സന്ദീപ് കിഷനാണ് സിഗ്മയിൽ പ്രധാന വേഷത്തിലെത്തുന്നത്. സന്ദീപ് കിഷന്റെ കരിയറിലെ ഏറ്റവും ഗംഭീരമായ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ പ്രതീക്ഷിക്കാമെന്നാണ് പുറത്തിറങ്ങിയ പോസ്റ്റർ സൂചിപ്പിക്കുന്നത്. “ഇതൊരു ബോളിവുഡ് ‘ബാഡ്സ് ഓഫ് ബോളിവുഡ്’ വൈബ് നൽകുന്നില്ലേ?” എന്ന് ചോദിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ വലിയ ആവേശം പങ്കുവെക്കുന്നുണ്ട്. 24-ാം വയസ്സിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ജേസൺ സഞ്ജയിയുടെ ഈ ചിത്രം അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് സിനിമാ ലോകത്തിന് നൽകുന്നത്.
വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ‘സിഗ്മ’ നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരനാണ്. 2024 നവംബറിൽ പ്രഖ്യാപിച്ച ഈ സംവിധാന സംരംഭത്തിനായി പ്രമുഖ സംഗീത സംവിധായകൻ തമൻ എസ് ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ കെ.എൽ. ആണ്, ഛായാഗ്രഹണം കൃഷ്ണൻ വസന്തും.
