Home » Blog » kerala Max » പാലക്കാട് മുസ്‌ലിം ലീഗില്‍ കൂട്ടരാജി
new-project-2026-09-17t105614775

പാലക്കാട്: പാലക്കാട് മുസ്‌ലിം ലീഗില്‍ കൂട്ടരാജി. പാലക്കാട് തൃത്താല മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയിലാണ് കൂട്ടരാജി ഉണ്ടായത്. മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രാജി. തൃത്താല മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ച ആളെ അവഗണിച്ചു എന്നാണ് ആരോപണം. ബിആര്‍സി നിയമനത്തിലും പരിഗണന ലഭിച്ചില്ലെന്ന് തൃത്താല മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികള്‍ക്ക് പരാതിയുണ്ട്. ലീഗ് മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ 15 പേരാണ് രാജിവെച്ചത്.പിന്നാലെ മണ്ഡലം കമ്മിറ്റി ജില്ലാക്കമ്മിറ്റിക്കയച്ച കത്തിന്റെ പകര്‍പ്പും റിപ്പോര്‍ട്ടറിന് ലഭിച്ചു. പാലക്കാട് ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതാണ് കത്ത്. നിയോജകമണ്ഡലം ഭാരവാഹികള്‍ എല്ലാവരും രാജിവെച്ചെന്നും പ്രസിഡണ്ട്, സെക്രട്ടറി, മണ്ഡലം നിരീക്ഷകന്‍ എന്നിവരെ അറിയിച്ചിട്ടും വിഷയത്തെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാത്ത നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തിയുമാണ് പരാതി. നേരത്തെ പാര്‍ലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലം കമ്മിറ്റിക്ക് ലഭിക്കേണ്ട ആറ് ലക്ഷം രൂപയെക്കുറിച്ച് നിരന്തരം ജില്ലാകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. ഭരണം ലഭിച്ചപ്പോള്‍ മന്ത്രി സ്റ്റാഫിലേക്ക് തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നുള്ള അഡ്വ:ബഷീറിനെ ഒന്നാം നമ്പറുകാരായി ജില്ലാകമ്മിറ്റി എഴുതി കൊടുത്തു എന്നു പറഞ്ഞു. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ ത്യത്താല മണ്ഡലം കമ്മിറ്റി അപഹാസ്യരായി എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.പുതുതായി പ്ലസ്ടു ബാച്ച് അനുവദിക്കുമ്പോള്‍ പഞ്ചായത്ത്-മണ്ഡലം കമ്മിറ്റികളെ പരിഹസിക്കുന്ന പരുതൂര്‍ ഹൈസ്‌ക്കൂളിന് പ്ലസ്ടു നല്‍കരുതെന്ന് രേഖാമൂലം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനകമ്മിറ്റിക്ക് ഇലക്ഷന്‍ ഫണ്ട് കൊടുത്തത് കാരണം ആ സ്‌കൂളിന് തന്നെ പ്ലസ്ടു അനുവദിച്ചു എന്നും കത്തില്‍ പറയുന്നുണ്ട്. ത്യത്താല ബിആര്‍സിയില്‍ എം എന്‍ നൗഷാദ് മാസ്റ്ററെ ബിപിസിആയി നിയമിക്കണം എന്ന നിയോജകമണ്ഡലം കമ്മറ്റിയുടെ തീരുമാനവും അവഗണിക്കപ്പെട്ടെന്ന് പരാതിയിലുണ്ട്. ഇത്തരം വിഷയങ്ങളില്‍ ത്യത്താല നിയോജകമണ്ഡലം കമ്മിറ്റി അവഗണന നേരിടുന്നതില്‍ പ്രതിഷേധിച്ച് രാജിവെച്ച മണ്ഡലം ഭാരവാഹികള്‍ക്ക് ഐക്യകണ്ഠേന പിന്തുണ പ്രാഖ്യാപിച്ചതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *