Home » Blog » kerala Max » തായിസിലെ സ്‌കൂളുകൾ ആക്രമിച്ചെന്ന ഹൂതികളുടെ ആരോപണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യെമനീസ് സൈന്യം

<strong>സന</strong>: യെമനിലെ തായിസ് ഗവർണറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൗദി അറേബ്യയും യെമനീസ് സർക്കാർ സേനയും ആക്രമിച്ചതായി ഹൂതി വിദ്യാഭ്യാസ മന്ത്രാലയം ആരോപിച്ചു. സ്‌കൂളുകൾ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ക്രിമിനൽ പ്രവൃത്തിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹൂതികളുമായി ബന്ധമുള്ള അൽ മസീറ ടെലിവിഷൻ ചാനലാണ് ഹൂതികളുടെ പ്രസ്താവന പുറത്ത് വിട്ടത്. ഇതിനിടെ ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാണെന്നും ഹൂതികൾ വ്യക്തമാക്കി. ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും സുരക്ഷിതമാണെന്ന് ഹൂതികളുടെ വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. ജലപാതയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ സൗദി അറേബ്യ ശ്രമിക്കുകയാണെന്നും മന്ത്രാലയം ആരോപിച്ചു.

ശത്രുതാപരമായ സൗദി സൈനിക സന്നാഹങ്ങളെ ലക്ഷ്യമിടാൻ തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സ്ഥിരതയും സമാധാനവും ആഗ്രഹിക്കുന്നുവെങ്കിൽ, ലോകം സൗദി അറേബ്യയോട് യെമന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്നും ഹൂതി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സബാ വാർത്താ ഏജൻസിയാണ് പ്രസ്താവന പുറത്ത് വിട്ടത്. ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ സൗദി കപ്പലുകൾക്ക് മാത്രമായിരിക്കും വിലക്കേർപ്പെടുത്തുകയെന്നും മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സ്വതന്ത്രമായി കടന്നുപോകാമെന്നും ഹൂതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *