
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യും നടി തൃഷയും തമ്മിലുള്ള സൗഹൃദത്തെച്ചൊല്ലി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ചർച്ചകൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി മുതിർന്ന നടി അംബിക. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ചും അത് വിജയിയുടെ രാഷ്ട്രീയ ജീവിതത്തെ ബാധിക്കുന്നതിനെക്കുറിച്ചും അംബിക തുറന്നുപറഞ്ഞത്. വിജയ് ഇപ്പോൾ തമിഴകത്തെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായി ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ്. ആ സമയത്ത് ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളും ചിത്രങ്ങളും അദ്ദേഹത്തിന്റെ പ്രതിച്ഛായയെയും രാഷ്ട്രീയ ഭാവികളെയും ദോഷകരമായി ബാധിക്കുമെന്ന് അംബിക ചൂണ്ടിക്കാട്ടി.
തങ്ങൾ കേവലം സുഹൃത്തുക്കൾ മാത്രമാണെന്നും അതുകൊണ്ടു തന്നെ വിമർശനങ്ങളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്നും തൃഷയ്ക്ക് തോന്നിയേക്കാം. എന്നാൽ വിജയ് ഇപ്പോൾ പ്രധാനപ്പെട്ടൊരു പദവിയിലാണ് ഉള്ളത്. തങ്ങളെ ഒന്നിച്ചു കാണുന്നത് അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കുകയോ അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, ഞാൻ തൃഷയുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരടി പിന്നോട്ട് മാറി അദ്ദേഹത്തിന് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കാതിരിക്കാൻ ശ്രദ്ധിച്ചേനെ, അംബിക പറയുന്നു.
‘‘ഇൻഡസ്ട്രിയിൽ ഉള്ളവർ തമ്മിൽ നല്ല സൗഹൃദമുള്ള ആളുകളുണ്ട്. എനിക്കും പുരുഷ സുഹൃത്തുക്കളുണ്ട്, ഇന്നത്തെ തലമുറിയിൽപെട്ട കുട്ടികളും അതിലുണ്ട്. രണ്ടുപേർ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ടെങ്കിൽ, അതിൽ ഒരാൾ ജീവിതത്തിൽ വലിയൊരു പദവിയിൽ എത്തുമ്പോൾ ആ സൗഹൃദം ഉപേക്ഷിക്കണമെന്നോ, അതിന് വേറെ നിറം നൽകണമെന്നോ ഞാൻ പറയില്ല. ഇപ്പോൾ ലണ്ടനിൽ അവർ ഒരുമിച്ചുപോയെന്ന് പറയുന്നു. തൃഷ അവിടെ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയതാണെന്ന് കേൾക്കുന്നു, രാധികയും അതിലൊരു വേഷം ചെയ്യുന്നുണ്ട്. അവർ എവിടെപ്പോയി എന്തൊക്കെ ചെയ്താൽ അതിൽ നമുക്കെന്തു കാര്യം.
എന്നിരുന്നാലും സൗഹൃദത്തിനും ഒരുമാനം കൊടുക്കണം. വ്യക്തിപരമായി ഞാൻ അങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെ പെരുമാറും എന്ന് പറയാൻ സാധിക്കും. ഇത് ഞാൻ പറയുന്നത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് ആരോടെങ്കിലും അടുത്ത സൗഹൃദമുണ്ടാവുകയും, ആ വ്യക്തി സമൂഹത്തിൽ ഉയർന്നൊരു സ്ഥാനത്തിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് കരുതുക. ഞങ്ങൾ ഒന്നിച്ചു നടക്കുന്നത് ആ സുഹൃത്തിന് അനാവശ്യമായ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ, ഞാൻ ആ സദസ്സുകളിൽ നിന്നും മാറിനിൽക്കും. ആ സൗഹൃദത്തിന് ശരിയായ മൂല്യം കൽപ്പിക്കുന്ന ആളായിരിക്കണം ഞാൻ. ഇപ്പോൾ ഒരേപോലുള്ള വസ്ത്രം ധരിച്ച് ചടങ്ങുകൾക്ക് പോകുന്നതിനെക്കുറിച്ചും ലണ്ടനിൽ പോകുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്റെ പേരിൽ അവിടെയൊരു നെഗറ്റിവ് അയാൾക്ക് വരുമെങ്കിൽ ആ സാഹചര്യങ്ങളെല്ലാം ഞാൻ ഒഴിവാക്കും. അതാണ് എന്റെ അഭിപ്രായം. ഇങ്ങനെയാകുമ്പോൾ ആളുകളുടെ മനസ്സിലും വിഷമം ഉണ്ടാകും. അതുകൊണ്ട് ആ സൗഹൃദത്തിന് യഥാർഥത്തിൽ മൂല്യം നൽകി നമ്മളും കുറച്ച് ജാഗ്രതയോടെ പെരുമാറണം.
പിന്നെ, കുടുംബ പ്രശ്നങ്ങൾ ഇല്ലാത്ത ആരെങ്കിലും ഉണ്ടോ? 98 ശതമാനം ആളുകളുടെ ജീവിതത്തിലും എന്തെങ്കിലും തരത്തിലുള്ള കുടുംബപ്രശ്നങ്ങൾ കാണും. അതിനെയൊക്കെ വീണ്ടും വീണ്ടും വലിച്ച് പുറത്തിട്ട് ആഘോഷിക്കുന്നത് തെറ്റാണ്. കുടുംബത്തെയും ജനങ്ങളുടെ വികാരങ്ങളെയും നമ്മൾ ബഹുമാനിക്കണം. എന്നുവച്ച്, മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി ചോദ്യം ചോദിക്കാൻ ഞാൻ ആളല്ല. പണ്ട് ‘യെല്ലോ ജേണലിസം’ എന്നൊക്കെയാണ് ഇതിനെ വിളിച്ചിരുന്നത്. എന്നാൽ ഇന്നിപ്പോൾ ചില യൂട്യൂബ് ചാനലുകളും മാധ്യമങ്ങളും ചെയ്യുന്നത് വെറും ‘പച്ചപ്പച്ചയായ’ അശ്ലീല പ്രചാരണങ്ങളാണ്. ഇത്തരം വാർത്തകൾക്ക് അറുതിവരുത്താൻ നമ്മൾ ഒരു ‘റെഡ് അലർട്ട്’ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’
വിജയ്യ്ക്കും തൃഷയ്ക്കുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും വ്യക്തിഹത്യകൾക്കുമെതിരെ സംസാരിക്കുമ്പോഴും, പൊതുജനമധ്യത്തിൽ നിൽക്കുന്ന താരങ്ങൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ഉപദേശിക്കുകയാണ് മുതിർന്ന നടിയായ അംബിക ചെയ്തത്. ഇതിനോടകം തന്നെ വിജയ് ആരാധകർക്കിടയിൽ അംബികയുടെ ഈ വാക്കുകൾ വലിയ ചർച്ചയായിട്ടുണ്ട്.
