
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിശാല സംസ്ഥാന സമിതി യോഗത്തിൽ ശാസന. പലപ്പോഴും ഗോവിന്ദന്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി നടപടിയെടുത്തത്. കഴിഞ്ഞ ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എന്നാൽ ഈ മൂന്ന് തെരഞ്ഞെടുപ്പിലും പാർട്ടി ദയനീയമായി പരാജയപ്പെട്ടു. ഇത് യോഗത്തിൽ വിമർശനങ്ങൾക്കിടയാക്കി.
സംഘടനാതലത്തിൽ വീഴ്ച ഉണ്ടായെന്നും പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും വിമർശനങ്ങളുയർന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഉണർന്നു പ്രവർത്തിച്ചില്ല, ജനങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും യോഗം വിലയിരുത്തി. ഇതിന് പിന്നാലെയാണ് എം.വി. ഗോവിന്ദനെതിരേ പാർട്ടി ശാസന ഉണ്ടായത്. അതേസമയം സംസ്ഥാന സെക്രട്ടറിക്കെതിരേ നടപടിയുണ്ടാകുന്നത് അസാധാരണമെന്നാണ് വിലയിരുത്തൽ.
