Home » Blog » Kerala » പിണറായി വിജയന്റെ വീടിന് ഏർപ്പെടുത്തിയിരുന്ന 24 മണിക്കൂർ പൊലീസ് കാവൽ അവസാനിപ്പിക്കുന്നു
9

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പാണ്ഡ്യാമുക്കിലെ വീടിന് മുന്നിൽ ഏർപ്പെടുത്തിയിരുന്ന 24 മണിക്കൂർ പൊലീസ് കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇനി പിണറായി വിജയൻ വീട്ടിലുണ്ടാകുന്ന സമയത്ത് മാത്രമായിരിക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തുക. ഒരു എസ്‌ഐയും രണ്ട് പൊലീസുകാരും ഉൾപ്പെടുന്ന സംഘത്തെയാണ് ഇതിനായി നിയോഗിക്കുക.

നേരത്തെ വീടിന് മുന്നിൽ പൊലീസ് ജീപ്പ് സ്ഥിരമായി നിർത്തിയിരുന്നെങ്കിലും കഴിഞ്ഞ ഒന്നാം തീയതി അത് മാറ്റിയിരുന്നു. ജീപ്പ് മാറ്റിയ ശേഷവും പൊലീസ് ഉദ്യോഗസ്ഥരുടെ കാവൽ തുടർന്നിരുന്നു. കണ്ണൂർ എആർ ക്യാമ്പിലെ രണ്ട് എസ്‌ഐമാരും ആറ് സിവിൽ പൊലീസ് ഓഫീസർമാരുമാണ് വിവിധ ഷിഫ്റ്റുകളിലായി വീടിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്.

പിണറായി വിജയന്റെ വീടിന് മുന്നിൽ പൊലീസ് ജീപ്പ് സ്ഥിരമായി നിർത്തിയിരുന്നത് മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിനെതിരെ പിണറായി വിജയൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ വീടിന് മുന്നിൽ ഒരിക്കലും പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിട്ടില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പിണറായി വ്യക്തമാക്കിയിരുന്നു. സാധാരണ നടപടിയുടെ ഭാഗമായി പൊലീസ് വാഹനത്തിൽ ഉദ്യോഗസ്ഥർ എത്തുകയും മടങ്ങുകയും ചെയ്തിരുന്നുവെന്നും പിന്നീട് വാഹനം തകരാറിലായി അവിടെ കിടന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. തകരാറിലായ വാഹനം മാറ്റി അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നതെന്നും എന്നാൽ അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റിയിരുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു. വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *