
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഇറാൻ യുദ്ധവും ആഗോള വസ്ത്രവിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. യുദ്ധത്തിന് മുൻപ് പരുത്തിയുടെ പകുതി വില മാത്രം ഉണ്ടായിരുന്ന പോളിസ്റ്ററിന് ചൈനയിൽ കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. യുദ്ധം ആരംഭിച്ചതോടെ പോളിസ്റ്റർ നൂലിന് 25 ശതമാനം വില വർദ്ധിച്ചപ്പോൾ, പരുത്തി വില 2024 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. നൂൽ, ചായങ്ങൾ, കെമിക്കലുകൾ, ഇന്ധനം തുടങ്ങി വസ്ത്രനിർമ്മാണ മേഖലയ്ക്ക് ആവശ്യമായ എല്ലാ അസംസ്കൃത വസ്തുക്കളുടെയും ഉൽപ്പാദനച്ചെലവ് കുത്തനെ ഉയർന്നു.
ഒരു സാധാരണ ടി-ഷർട്ട് നിർമ്മാണച്ചെലവിന്റെ 60 ശതമാനവും അസംസ്കൃത വസ്തുക്കൾക്കായി മാറ്റിവെക്കേണ്ടി വരുമ്പോൾ, നിർമ്മാണ ഫാക്ടറികൾക്ക് ലഭിക്കുന്ന ലാഭവിഹിതം കേവലം 2-3 ശതമാനം മാത്രമാണ്. നിർമ്മാണച്ചെലവിലുണ്ടായ ഈ വൻ വർദ്ധനവ് ചെറിയ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തന്മൂലം ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ആഗോള വസ്ത്ര ബ്രാൻഡുകൾ നിർബന്ധിതരായിക്കൊണ്ടിരിക്കുന്നു.
ആഗോളതലത്തിലെ ഈ മാറ്റങ്ങൾ ഏഷ്യൻ വസ്ത്രനിർമ്മാണ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ പ്രധാന വസ്ത്ര കയറ്റുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയിൽ ജൂലൈ മാസത്തിൽ 4.5 ശതമാനം ഇടിവുണ്ടായി. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസങ്ങളിൽ ആകെ 10.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിലേക്കുള്ള ബംഗ്ലാദേശിന്റെ 800 ദശലക്ഷം ഡോളറിന്റെ കയറ്റുമതി പൂർണ്ണമായും സ്തംഭിച്ച മട്ടാണ്. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഉപഭോക്താക്കൾ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നത് കുറയ്ക്കാൻ സാധ്യതയുള്ളത് വിപണിയുടെ ആഘാതം കൂട്ടുന്നു.
