
കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതിയിലെ ഗ്രൂപ്പ് ചർച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി നേതൃത്വം. ചർച്ചകൾ കടുത്ത വിമർശനങ്ങളിലേക്ക് പോകരുതെന്നും വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾ ഒഴിവാക്കണമെന്നും നിർദേശം. സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിച്ചാകണം ചർച്ചകളെന്നും നേതൃത്വം വ്യക്തമാക്കി.
ജില്ലകൾക്ക് ഗ്രൂപ്പ് ചർച്ചകൾക്കായി അരമണിക്കൂർ വീതമാണ് അനുവദിച്ചിരിക്കുന്നത്. വർഗ-ബഹുജന സംഘടനകൾക്ക് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെയാണ് സമയം നൽകിയിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ തന്നെ ചർച്ചകൾ പൂർത്തിയാക്കണമെന്നാണ് നിർദേശം. അതേസമയം, കടുത്ത വിമർശനങ്ങൾ ഒഴിവാക്കണമെന്നും നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
കോഴിക്കോട്ട് ഇന്ന് ആരംഭിച്ച വിശാല സംസ്ഥാന സമിതി ചർച്ചയിൽ തെറ്റുതിരുത്തലിനുള്ള കരട് റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ചു. പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടും തളിപ്പറമ്പിലെ സ്ഥാനാർഥിത്വ വിവാദം ഉൾപ്പെടുത്താത്തതിനെതിരെയും വിമർശനമുയർന്നു. തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം അണികളുടെയും പ്രാദേശിക നേതൃത്വത്തിന്റെയും മേൽ ചുമത്തുകയാണെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. സംസ്ഥാന നേതൃത്വത്തിന് സമ്പൂർണ പരാജയമാണുണ്ടായതെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു.
റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വയം വിമർശനം ഉന്നയിക്കുകയോ സ്വന്തം വീഴ്ചകളെക്കുറിച്ച് പരാമർശിക്കുകയോ ചെയ്യുന്നില്ലെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളുടെയും ജില്ലാ നേതൃത്വത്തിന്റെയും മാത്രം തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് റിപ്പോർട്ടിലുള്ളതെന്നും ജില്ലാ കമ്മിറ്റി വിമർശിച്ചു.
