മലയാളത്തിലെ എക്കാലത്തെയും മികച്ച എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘സമ്മർ ഇൻ ബത്‌ലഹേം’ 27 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. നവംബറിലാണ് ചിത്രത്തിന്റെ 4K റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗാനങ്ങളിലൂടെ മലയാളിക്ക് മറക്കാനാകാത്ത ഒരുപിടി ഓർമ്മകൾ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ പേര് പുതിയ പോസ്റ്ററിൽ പ്രധാന്യം നൽകിയത് ശ്രദ്ധേയമായി. കഴിഞ്ഞ ചില റീ റിലീസ് ചിത്രങ്ങളുടെ പോസ്റ്ററുകളിൽ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു.
സിബി മലയിൽ സംവിധാനം ചെയ്ത്, രഞ്ജിത്ത് തിരക്കഥയെഴുതി, സിയാദ് കോക്കർ നിർമ്മിച്ച ‘സമ്മർ ഇൻ ബത്‌ലഹേം’ ആമി, രവിശങ്കർ, ടെന്നീസ്, നിരഞ്ജൻ, മോനായി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ചിത്രമാണ്. മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിവർ ഒന്നിച്ച ചിത്രത്തിൽ സൂപ്പർതാരം മോഹൻലാൽ അതിഥി വേഷത്തിലെത്തിയിരുന്നു.
‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ‘സമ്മർ ഇൻ ബത്‌ലഹേം’ 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ അനശ്വരമായ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ തുടങ്ങിയവരാണ് ഗായകർ. കോക്കേഴ്സ് ഫിലിംസിനൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവർ സഹകരിച്ചാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. സഞ്ജീവ് ശങ്കറാണ് ഛായാഗ്രാഹകൻ.
