
തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളില്‍ നിന്നുള്ള അജൈവമാലിന്യ ശേഖരണ സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പുനരുപയോഗിക്കാന്‍ സാധിക്കുന്ന മാലിന്യങ്ങള്‍ നല്കുന്ന വീട്ടുകാര്‍ക്ക് പ്രതിഫലം നല്കുന്ന കാര്യം പരിഗണനയിലുണ്ട്. മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുമാണ് ഈ പുതിയ നീക്കം നടപ്പിലാക്കുന്നത്.
ഹരിതകര്‍മസേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീ ശേഖരിക്കുന്നത് തുടര്ന്നുപോരുമെങ്കിലും ഇനി മുതല്‍ വീടിന്റെ വിസ്തീര്‍ണം അനുസരിച്ചായിരിക്കും തുക ഈടാക്കുന്നത്. ചെറിയ വീടുകള്‍ക്ക് കുറഞ്ഞ നിരക്ക് നല്കിയാല് മതിയെന്ന വ്യവസ്ഥ കൊണ്ടുവരുന്നതോടൊപ്പം പിരിച്ചെടുക്കുന്ന യൂസര്‍ ഫീ തുക കൃത്യമായ ഓഡിറ്റിങ്ങിന് വിധേയമാക്കുകയും ചെയ്യും.
തദ്ദേശ വകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് യോഗത്തിലാണ് പദ്ധതി സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്. മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് ശാസ്ത്രീയവും സുസ്ഥിരവുമായ മാര്‍ഗങ്ങള്‍ തയാറാക്കുന്നതിനായി കേരള പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് അനില്‍ അക്കര ചെയര്‍മാനായും ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മുന്‍ മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി. ഹാറൂണ്‍ കണ്‍വീനറായുമുള്ള പ്രത്യേക ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തദ്ദേശ വകുപ്പ് നിര്‍ദേശം നല്കി. അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോര്‍ഡിനും ബാനറിനും അയ്യായിരം രൂപ വീതം പിഴ ഈടാക്കും. ഇവ നീക്കം ചെയ്യാനും സംസ്കരിക്കാനുമുള്ള ചെലവും കുറ്റക്കാരില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കും. ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് വ്യക്തിപരമായി ഈ തുക ഈടാക്കുമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
