
തിരുവനന്തപുരം: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്ത് നൽകിയ വിഷയത്തിൽ പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒഴിഞ്ഞുമാറി. പിണറായി വിജയനുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ പൂർണമായും അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഐയുടെ രാഷ്ട്രീയം എന്നും എൽഡിഎഫ് രാഷ്ട്രീയവും ഇടത് രാഷ്ട്രീയവുമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എല്ലാ കാര്യങ്ങളിലും സിപിഐയ്ക്ക് രാഷ്ട്രീയമുണ്ട്. ഇടത് മൂല്യങ്ങൾ പാർട്ടിക്ക് നിർബന്ധമാണ്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിച്ചാൽ രാഷ്ട്രീയമായി എൽഡിഎഫ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡിയെക്കുറിച്ച് എല്ലാവർക്കും അറിയാം. രാഷ്ട്രീയത്തിന്റെ കണ്ണുവച്ചുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ പലപ്പോഴും വരുന്നത്. അത്തരമൊരു നീക്കമുണ്ടായാൽ എൽഡിഎഫ് അതിനെ എതിർക്കും. അതാണ് സിപിഐയുടെ നയമെന്നും ബിനോയ് വിശ്വം പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ സർക്കാരിന് ചാഞ്ചാട്ടമുണ്ടായെന്നും ബിനോയ് വിശ്വം വിമർശിച്ചു. കെഎസ്ഇബി ജീവനക്കാരുടെ പരിപാടിയിലെ പ്രസംഗത്തിനിടെയായിരുന്നു വിമർശനം. യുഡിഎഫ് ഇരട്ടത്താപ്പിന്റെ സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി യാത്ര കഴിഞ്ഞതോടെയാണ് മുഖ്യമന്ത്രിക്ക് ചാഞ്ചാട്ടമുണ്ടായതെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി നെഹ്റൂവിയൻ സോഷ്യലിസ്റ്റാണെങ്കിൽ ജവഹർലാൽ നെഹ്റു പറഞ്ഞത് കേൾക്കണം. വടക്കോട്ട് എന്ന് പറയുമ്പോൾ തെക്കോട്ട് പോകുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. പിഎം ശ്രീയിൽ മാത്രമല്ല, കെഎസ്ഇബി സ്വകാര്യവൽക്കരണത്തിന്റെ കാര്യത്തിലും ഇതേ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പിഎം ശ്രീയിൽ കണ്ട ചാഞ്ചാട്ടം വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരണത്തിലും ഉണ്ടായാൽ ജനങ്ങൾ ഇടപെടും. അതിരപ്പിള്ളി പദ്ധതി വരണമെന്നത് ചിലരുടെ വ്യാമോഹമാണ്. പദ്ധതി നടപ്പാകാൻ പോകുന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇനി വെള്ളത്തെ ആശ്രയിച്ച് വൻകിട ഡാമുകളെക്കുറിച്ച് ചിന്തിക്കാനേ പാടില്ല. വൈദ്യുതി സാക്ഷരതയാണ് അടിയന്തരമായി വേണ്ടത്. അമൂല്യമായ വിഭവം ചെലവഴിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത എല്ലാവരും പാലിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
