
കൊച്ചി : ഏക ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും ചെറുകിട ബിസിനസ് ഉടമകളുടെയും ആവശ്യങ്ങൾക്കായി ആമസോൺ പേയും കോട്ടക് മഹീന്ദ്ര ബാങ്കും ചേർന്ന് ആമസോൺ പേ കോട്ടക് ബിസിനസ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യൻ ബിസിനസുകൾക്ക് സേവനം നൽകുന്ന ഡിജിറ്റൽ വാങ്ങൽ പ്ലാറ്റ്ഫോമായ ആമസോൺ ബിസിനസിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് കാർഡ് ലഭ്യമാകും. ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾക്കും ദീർഘിപ്പിച്ച പലിശരഹിത ക്രെഡിറ്റ് കാലയളവിനും പുറമെ, ബിസിനസ് വാങ്ങലുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും പ്രവർത്തന മൂലധനം നിലനിർത്താനും കാർഡ് സഹായിക്കും.
ഇന്ത്യയിലെ എം.എസ്.എം.ഇ. മേഖലയിൽ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത 9.4 കോടിയിലധികം സംരംഭങ്ങളുണ്ട്. രാജ്യത്തിന്റെ ജി.ഡി.പി.യിൽ 30 ശതമാനത്തിലധികം സംഭാവന ചെയ്യുന്ന ഈ മേഖലയിലെ നിരവധി ചെറുകിട ബിസിനസ് ഉടമകൾക്ക് അവരുടെ ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ ഔപചാരിക ക്രെഡിറ്റ് ഉൽപ്പന്നങ്ങളിലേക്കുള്ള പ്രവേശനം ഇപ്പോഴും പരിമിതമാണ്. ഡിജിറ്റൽ വാങ്ങലുകൾ, ജി.എസ്.ടി. അനുസൃത രേഖസംരക്ഷണം, ക്രമബദ്ധമായ സാമ്പത്തിക നടപടികൾ എന്നിവ കൂടുതൽ വ്യാപകമാകുന്നതിനൊപ്പം ചെലവുകൾ, പണമൊഴുക്ക്, ബിസിനസ് പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പരിഹാരങ്ങൾക്കുള്ള ആവശ്യകതയും വർധിച്ചുവരികയാണ്.
ആമസോൺ പേ ഇന്ത്യ ക്രെഡിറ്റ് ആൻഡ് ലെൻഡിങ് വിഭാഗം ഡയറക്ടർ മായങ്ക് ജെയിൻ പറഞ്ഞു: “ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് സൗകര്യം ലഭ്യമാക്കാൻ ആമസോൺ പേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ചെറുകിട ബിസിനസ് ഉടമകൾക്കായും അതേ സൗകര്യം ഒരുക്കുകയാണ്. ആമസോൺ ബിസിനസിന്റെ ഉപഭോക്തൃ അടിത്തറയുടെ 70 ശതമാനവും ഏക ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ചെറുകിട ബിസിനസുകളുമാണ്. ഈ ബിസിനസ് ഉടമകളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയാണ് കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആമസോൺ ബിസിനസിലെ വാങ്ങലുകൾക്ക് സുതാര്യമായ റിവാർഡുകളും ക്രെഡിറ്റ് സൗകര്യവും ഇതിലൂടെ ലഭിക്കും. കോട്ടക് മഹീന്ദ്ര ബാങ്കുമായുള്ള പങ്കാളിത്തത്തിലൂടെ ദശലക്ഷക്കണക്കിന് ബിസിനസുകളിലേക്കുള്ള ആമസോണിന്റെ വ്യാപ്തിയും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പാ രംഗത്തെ കോട്ടകിന്റെ വൈദഗ്ധ്യവും ഒരുമിപ്പിക്കുകയാണ്.”
കോട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാർഡ് വിഭാഗം മേധാവി ഫ്രെഡറിക് ഡിസൂസ പറഞ്ഞു: “ചെറുകിട ബിസിനസുകളാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ചാലകശക്തി. അവർ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തെ നഗരങ്ങളിലും പട്ടണങ്ങളിലും വാണിജ്യ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്യുന്നു. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇവരുടെ സംരംഭകത്വത്തിന് അനുയോജ്യമായ സാമ്പത്തിക ഉപകരണങ്ങൾ ആവശ്യമാണ്. ബിസിനസുകളുടെ പ്രവർത്തന രീതിക്ക് അനുയോജ്യമായ ആനുകൂല്യങ്ങളാണ് ഈ കാർഡ് നൽകുന്നത്. പണമൊഴുക്ക് കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പലിശരഹിത ക്രെഡിറ്റ് കാലയളവ്, വലിയ വാങ്ങലുകൾക്കുള്ള നോ-കോസ്റ്റ് ഇ.എം.ഐ., വളർച്ചയ്ക്കായി ഇതിനകം നടത്തുന്ന ചെലവുകൾക്ക് ക്യാഷ്ബാക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആമസോൺ പേയുമായി ചേർന്ന് രാജ്യത്തുടനീളമുള്ള ബിസിനസുകളിലേക്ക് അവർക്ക് ഇതിനകം വിശ്വാസമുള്ള ഒരു പ്ലാറ്റ്ഫോമിലൂടെ ഈ സൗകര്യം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.”
കാർഡിന്റെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും
പ്രൈം അംഗങ്ങൾക്ക് അർഹമായ ആമസോൺ ബിസിനസ് വാങ്ങലുകൾക്കും വിമാന, ഹോട്ടൽ ബുക്കിങ്ങുകൾക്കും 5 ശതമാനം ക്യാഷ്ബാക്ക്, നോൺ-പ്രൈം അംഗങ്ങൾക്ക് 3 ശതമാനം ക്യാഷ്ബാക്ക്. പ്രതിമാസ ക്രെഡിറ്റ് പരിധിയുടെ 5 ശതമാനമായി ക്യാഷ്ബാക്ക് പരമാവധി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ആമസോൺ പേ വഴി ബിൽ പേയ്മെന്റുകൾക്കും റീചാർജുകൾക്കും 2 ശതമാനം ക്യാഷ്ബാക്കും മറ്റ് എല്ലാ ചെലവുകൾക്കും 1 ശതമാനം ക്യാഷ്ബാക്കും.
48 ദിവസം വരെ പലിശരഹിത ക്രെഡിറ്റ് കാലയളവും അർഹമായ വാങ്ങലുകൾക്ക് മൂന്ന് മാസത്തെ നോ-കോസ്റ്റ് ഇ.എം.ഐ. സൗകര്യവും.
ചേരുന്നതിനുള്ള ഫീസ് ഇല്ല. വാർഷിക ഫീസ് ₹499യും നികുതിയുമാണ്. ആമസോണിന് പുറത്തുള്ള ഇടപാടുകളിൽ ഒരു വർഷം ₹3 ലക്ഷം ചെലവഴിക്കുന്ന അർഹരായ കാർഡ് ഉടമകൾക്ക് വാർഷിക ഫീസ് ഒഴിവാക്കും.
ചെറുകിട ബിസിനസുകൾക്കായി എ.ഡബ്ല്യു.എസ്. ക്രെഡിറ്റുമായി ബന്ധപ്പെട്ട ഓഫറുകൾ. എ.ഐ. സേവനങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റ സംഭരണം എന്നിവയ്ക്കായി ഈ ക്രെഡിറ്റുകൾ ഉപയോഗിക്കാം.
യോഗ്യത
ആമസോൺ ബിസിനസിൽ രജിസ്റ്റർ ചെയ്ത ചെറുകിട ബിസിനസ് ഉടമകൾക്ക് ആമസോൺ ബിസിനസ് വഴി ആമസോൺ പേ കോട്ടക് ബിസിനസ് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. അപേക്ഷാ നടപടിക്രമം പൂർണമായും ഡിജിറ്റലായിരിക്കും. കുറഞ്ഞ രേഖകൾ മാത്രമാണ് ആവശ്യപ്പെടുന്നത്. അർഹരായ അപേക്ഷകർക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ ക്രെഡിറ്റ് തീരുമാനം ലഭിക്കും.
