
സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി രംഗത്ത്. സർക്കാരിന് ദീർഘവീക്ഷണമില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് 40 ശതമാനം വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്നും, ബാക്കി 60 ശതമാനം വിവിധ കരാറുകളിലൂടെയാണ് വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയതെന്നും, വരാൻ സാധ്യതയുള്ള പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും എം.എം. മണി ചൂണ്ടിക്കാട്ടി.
വലിയ വെള്ളപ്പൊക്കമോ കടുത്ത വരൾച്ചയോ ഉണ്ടായാലും മുൻകാലങ്ങളിൽ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കാണുമ്പോൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷൻ തട്ടാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന കോൺഗ്രസിന്റെ വാദത്തെ തള്ളിയ അദ്ദേഹം, കഴിഞ്ഞ പത്ത് വർഷം എങ്ങനെ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോയെന്ന് തിരിച്ചുചോദിച്ചു. താൻ കാര്യങ്ങൾ പഠിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി. സതീശനും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് എം.എം. മണി കുറ്റപ്പെടുത്തി. ഇപ്പോൾ ആവശ്യപ്പെട്ടാൽ വൈദ്യുതി ലഭിക്കുമെന്നും, ഇല്ലെന്ന് സർക്കാർ പറയുന്നത് വെറുതെയാണെന്നും അദ്ദേഹം ആരോപിച്ചു. ഭരിക്കാൻ അറിയില്ലെങ്കിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രാജി വെച്ച് ഒഴിയണമെന്നും, ഭരണം ഗവർണറെ ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ കാലത്തെ വൈദ്യുതി വകുപ്പിന്റെ പ്രവർത്തനം മികച്ചതാണെന്ന സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളോട് പ്രതികരിച്ച അദ്ദേഹം, അത് അന്നത്തെ സർക്കാരിന്റെ പ്രത്യേകതയാണെന്നും താൻ മാത്രമായി അത് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. അന്നത്തെ മുഖ്യമന്ത്രിക്ക് മികച്ച ദീർഘവീക്ഷണമുണ്ടായിരുന്നെന്നും, താൻ അത് പ്രായോഗികമാക്കാൻ ശ്രമിച്ചതുകൊണ്ടാണ് പ്രതിസന്ധികൾ ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു. പള്ളിയിലും അമ്പലത്തിലും പോയി വഴിപാട് കഴിച്ചാൽ മഴ പെയ്യില്ലെന്നും, പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് ജാഗ്രതയോടെ പ്രവർത്തിക്കണമായിരുന്നുവെന്നും എം.എം. മണി പരിഹസിച്ചു.
