
കോഴിക്കോട് : സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഇ.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. തന്റെ പേര് പറയാൻ സുഹൃത്തിനെ ഇ.ഡി നിർബന്ധിച്ചെന്നും പേര് പറഞ്ഞില്ലെങ്കിൽ മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിയാസ് ആരോപിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
പിണറായി വിജയന്റെയും വീണ വിജയന്റെയും തന്റെ പേരും പറയാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടെന്നും റിയാസ് പറഞ്ഞു. ഇതിന് വഴങ്ങാതായതോടെ 22 വയസ്സുള്ള മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മകളുടെ പേര് ഉൾപ്പെടെയുള്ള കാര്യങ്ങൾ ടൈപ്പ് ചെയ്ത് ഒപ്പിടീച്ചെന്നും റിയാസ് ആരോപിച്ചു. മാനസികമായി തകർന്ന സുഹൃത്ത് പിറ്റേദിവസം തന്നെ ഇ.ഡിക്ക് കത്തെഴുതി കാര്യങ്ങൾ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയെ ഭയന്ന് നിൽക്കാനല്ല പാർട്ടി പഠിപ്പിച്ചതെന്നും സത്യം ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും റിയാസ് വ്യക്തമാക്കി.
ഭാര്യ വീണ വിജയനെ ഇ.ഡി ഏറെക്കാലമായി വേട്ടയാടുകയാണെന്നും റിയാസ് ആരോപിച്ചു. വീണ വിജയനും സി.എം.ആർ.എല്ലും തമ്മിലുള്ളത് നിയമപരമായ പണമിടപാടാണെന്നും സേവനം നൽകിയതിനാണ് പ്രതിഫലം വാങ്ങിയതെന്നും റിയാസ് പറഞ്ഞു. നികുതിയും ജിഎസ്ടിയും അടച്ചാണ് പണം വാങ്ങിയത്. സേവനം നൽകാതെയാണ് വീണ പണം വാങ്ങിയതെന്ന വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
