
സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും ട്രോളുകൾക്കുമെതിരെ പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. അവതാരക രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെയും വസ്ത്രധാരണത്തെയും ചുറ്റിപ്പറ്റി നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. തനിക്കെതിരെയുള്ള ഗോസിപ്പുകളും വ്യാജവാർത്തകളും വീട്ടിൽ അച്ഛൻ കാണാറുണ്ടെന്നും ഐശ്വര്യ പറഞ്ഞു. തന്റെ വീടിനെയും മാതാപിതാക്കളുടെ ജോലിയെയും കുറിച്ച് പ്രചരിക്കുന്ന പല വാർത്തകളും വാസ്തവവിരുദ്ധമാണെന്നും താരം വ്യക്തമാക്കി.
ഐശ്വര്യയുടെ വാക്കുകൾ:
‘‘വീട്ടിൽ അച്ഛനാണ് ഗോസിപ്പുകളും വ്യാജ വാർത്തകളും ആദ്യം കാണാറുള്ളത്. അമ്മയ്ക്ക് ഒന്നിനും സമയമില്ല. രാവിലെ എഴുന്നേറ്റാൽ മെഡിറ്റേഷൻ, നാമം ജപിക്കൽ, യോഗ അങ്ങനെ എന്തൊക്കെയോ പരിപാടികളാണ്. എന്നാൽ അച്ഛൻ നേരെ വിപരീതമാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ഇരുന്ന് യൂട്യൂബ് കാണും, എന്നെപ്പറ്റിയുള്ള ഗോസിപ്പുകളൊക്കെ കാണും. അച്ഛനും അമ്മയും എന്റെ കല്യാണത്തിനായി ഒരു കിലോ സ്വർണം വാങ്ങി വച്ചിട്ടുണ്ടെന്ന് ഏതോ ഒരാൾ പറയുന്നത് കേട്ടു. ‘‘നിങ്ങളുടെ കയ്യിൽ എവിടെ നിന്നാണ് ഒരു കിലോ സ്വർണം, അപ്പോൾത്തന്നെ മനസ്സിലാക്കണ്ടേ അയാൾ സ്വന്തമായി പറഞ്ഞുണ്ടാക്കുന്നതാണെന്ന്’’ എന്ന് ഞാൻ അച്ഛനോട് ചോദിച്ചു.
ഞങ്ങളുടേതെന്ന പേരിൽ ഒരാൾ ഏതോ ഒരു വലിയ വീട് ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇട്ടു, എന്നാൽ എന്റെ വീട് അത്ര വലിയതൊന്നുമല്ല. എന്റെ മാതാപിതാക്കൾ ഡോക്ടർമാരാണെന്ന പ്രചാരണവും തെറ്റാണ്. അച്ഛൻ സെക്രട്ടറിയേറ്റിലും അമ്മ പിഎംജിയിലുമായി സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ട്രോൾ ചെയ്യപ്പെട്ട വസ്ത്രത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകളും ട്രോളുകളും എന്റെ വീട്ടുകാരെ വല്ലാതെ ബാധിച്ചിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങൾ കൂടിയതോടെ വസ്ത്രധാരണത്തിന്റെ പേരിൽ അമ്മയിൽ നിന്നും നല്ല വഴക്ക് കിട്ടിയിരുന്നു.‘മോള് ആ വേഷമിട്ട് നടക്കുന്നത് കണ്ടു’ എന്നൊക്കെ ചിലർ അമ്മയോട് പോയി പറയും.
എന്റെ മാതാപിതാക്കളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്, അതുകൊണ്ടുതന്നെ അവർക്ക് ഒരു നല്ല മകളാകാൻ ഞാൻ പരമാവധി ശ്രമിക്കുന്നുമുണ്ട്. ചിലരെപ്പോലെ അമ്മയിൽ നിന്നോ കുടുംബത്തിൽ നിന്നോ മാറി താമസിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല; അങ്ങനെ മാറിനിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്കാവില്ല. അമ്മയുമായി വളരെ തുറന്നതും സൗഹൃദപരവുമായ ബന്ധമാണുള്ളത്. എങ്കിലും ചിലപ്പോഴൊക്കെ അമ്മയെ കൈകാര്യം ചെയ്യുക എന്നത് അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്.
ഇവിടെ അഭിമുഖത്തിന് റെഡിയാകുമ്പോൾ ഞാൻ ധരിക്കുന്ന വസ്ത്രം അമ്മയ്ക്ക് കാണിച്ചുകൊടുക്കുകയും അതിനെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുകയുമൊക്കെ ചെയ്യുന്നത് ആ സ്ട്രെസ്സിൽ നിന്ന് പുറത്തുവരാൻ വേണ്ടിയാണ്. ഇത്തരത്തിൽ മനസ്സ് തുറന്ന് സംസാരിക്കുമ്പോൾ എനിക്ക് വലിയൊരു ആശ്വാസം ലഭിക്കുന്നുണ്ട്. എനിക്ക് അമ്മയെ പൂർണമായി മനസ്സിലാകുന്നുണ്ട്. പക്ഷേ ഞാൻ ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങൾ എന്തുകൊണ്ട് അമ്മയ്ക്ക് മനസ്സിലാകുന്നില്ല എന്നതാണ് എന്റെ വിഷമം. എനിക്ക് പ്രസവിക്കാൻ വളരെ പേടിയാണ്; സ്വന്തം ശരീരത്തിൽ നിന്ന് കുഞ്ഞ് വരുമ്പോഴാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ആ ശാരീരിക ബന്ധം ഉണ്ടാകുന്നത്. എന്നാൽ ദത്തെടുക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിൽ സ്നേഹം ഉണ്ടാകുമോ, എനിക്കറിയില്ല.
അമ്മയുമായി വളരെ നിസ്സാരമായ കാര്യങ്ങൾക്കാണ് ഞാൻ വഴക്കിടാറുള്ളത്, വലിയ പിണക്കങ്ങളൊന്നുമില്ല. അച്ഛനാണെങ്കിൽ ദിവസം നൂറ് തവണ വിളിക്കും. ഞാൻ ലോകത്തിന്റെ ഏത് ഭാഗത്ത് ജീവിച്ചാലും അവരുടെ കണ്ണിൽ ഞാൻ ഇപ്പോഴും വീട്ടിലെ ആ ചെറിയ പെൺകുട്ടിയാണ്. മക്കൾ വലുതായി മാറിനിൽക്കുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന ആ ശൂന്യത അവർക്ക് ഒരുപാട് അനുഭവപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. സിനിമയിലെ എന്റെ വസ്ത്രധാരണത്തെക്കുറിച്ചൊക്കെ മാധ്യമങ്ങളിൽ വാർത്തകൾ വരുമ്പോൾ അത് അവരെ ഒരുപാട് ബാധിക്കാറുണ്ട്. “നീ ചെയ്യുന്ന കാര്യങ്ങൾക്ക് ഇനി ഞാൻ കൂടി മറുപടി പറയണമല്ലോ” എന്ന് അമ്മ സങ്കടത്തോടെ പറയാറുണ്ട്.
വീട്ടിലെ ഒറ്റക്കുട്ടിയായി വളർന്നതാണ്. എങ്കിലും എനിക്കൊരു മൂത്ത സഹോദരി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് സ്ത്രീകളോട് കൂടുതൽ അടുപ്പം തോന്നാറുണ്ട്. ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ, “നിന്റെ സമയത്തും മാതാപിതാക്കൾ ഇങ്ങനെയായിരുന്നോ?” എന്നൊക്കെ ചോദിക്കാമായിരുന്നു. പലപ്പോഴും കാര്യങ്ങൾ സ്വയം നേരിടേണ്ടി വരുമ്പോൾ ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന് പോലും എനിക്ക് തിരിച്ചറിയാൻ പറ്റാറില്ല.
ജീവിതത്തിൽ എന്നെ ഒരു പുരുഷൻ ചതിച്ചിട്ടുണ്ട്. പെട്ടെന്ന് ആരോടും വീണുപോകുന്ന ആളൊന്നുമല്ല ഞാൻ. അതുകൊണ്ട് തന്നെയാണ് ആ ചതി എന്നെ കൂടുതൽ വേദനിപ്പിച്ചത്, കാരണം നമ്മൾ ആ വ്യക്തിയെ അത്രത്തോളം വിശ്വസിക്കുകയാണ്. ആ ബന്ധം അവസാനിച്ച ശേഷമാണ് ഞാൻ കാര്യങ്ങൾ അറിഞ്ഞത്. ആ പെൺകുട്ടി തന്നെ വന്ന് ‘എനിക്കും ഒരു കഥ പറയാനുണ്ട്’ എന്ന് പറഞ്ഞപ്പോൾ എനിക്ക് അവളോട് ദേഷ്യമൊന്നും തോന്നിയില്ല, കാരണം അതിൽ അവളുടെ തെറ്റില്ലായിരുന്നു. സത്യം പറഞ്ഞാൽ രണ്ടു ദിവസം അത് എന്റെ മനസ്സിലുണ്ടായിരുന്നു, പിന്നെ ഞാൻ അത് വിട്ടു.
എന്റെ മനസ്സിൽ എപ്പോഴുമുള്ളത് എന്റെ കുടുംബത്തെക്കുറിച്ചാണ്. അടുത്തിടെ വളരെ ശാന്തമായ, ആരും ആരെയും കുറ്റപ്പെടുത്താത്ത ഒരു കുടുംബത്തെ കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി. എന്റെ മാതാപിതാക്കൾക്കും ഇതുപോലൊരു ലളിതമായ ജീവിതം വേണമെന്ന് ഞാൻ ആഗ്രഹിച്ചു. അവർ എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും സ്നേഹമുള്ളവരും അച്ചടക്കമുള്ളവരുമാണ്. എന്റെ കുടുംബത്തിന് ചില കാര്യങ്ങളിൽ പ്രത്യേക നിഷ്കർഷതകളുണ്ട്. രാവിലെ ആറ് മണിക്ക് എഴുന്നേൽക്കണം. എന്തിന്, ഒരു ഏഴ് മണി വരെ ഉറങ്ങിക്കൂടെ. എനിക്ക് അവരെ ഒരു ട്രിപ്പ് കൊണ്ടുപോകണമെന്നുണ്ട്. അവർക്ക് അതിലൊരു താൽപര്യവുമില്ല. അമ്മ ഒരു സോളോ ട്രാവ്ലർ ആണ്. അമ്മ കൈലാസ യാത്ര ചെയ്തിട്ടുണ്ട്, കാശിയിൽ ഒൻപത് മാസത്തോളം തങ്ങിയിട്ടുമുണ്ട്. അവർ ഈ ചിട്ടകളിൽ ജീവിച്ച് ജീവിച്ച് ഒന്ന് ലഘുവാകാൻ പറ്റുന്നില്ല.’’
ഐശ്വര്യയുടെ കുടുംബവുമായി ബന്ധപ്പെട്ട് ആലപ്പി അഷ്റഫ് പറഞ്ഞത്: ‘‘അവരുടെ അടുത്തൊരു ബന്ധു എന്നോട് പറയുകയുണ്ടായി മകളുടെ കല്യാണ ആവശ്യത്തിനായി മാതാപിതാക്കൾ ഒരു കിലോ സ്വർണം ഉൾപ്പെടെ എല്ലാം അവൾക്കായി കരുതിയിരുന്നു എന്ന്. ഇന്ന് നിരവധി കോടികൾ ഐശ്വര്യ സിനിമയിൽ നിന്നും സമ്പാദിച്ചിട്ടുണ്ടെങ്കിലും ഒരു ചില്ലിക്കാശുപോലും ആ മാതാപിതാക്കൾ തങ്ങളുടെ ആവശ്യങ്ങൾക്കായി മകളിൽ നിന്നും കൈപ്പറ്റിയിട്ടില്ല. ഐശ്വര്യ പറയുന്നു തന്റെ ആഗ്രഹം കൊണ്ട് അമ്മയ്ക്കൊരു സാരി വാങ്ങിക്കൊടുത്തത് പോലും അമ്മ നിരസിച്ചു എന്ന്. മകൾ എത്രത്തോളം സിനിമയെ സ്നേഹിക്കുന്നുണ്ടോ അത്രത്തോളം തന്നെ ആ മാതാപിതാക്കൾ തങ്ങളുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ സിനിമയെ വെറുക്കുന്നുണ്ടെന്ന് വേണം കരുതാൻ. 71 വയസ്സ് പിന്നിട്ട പിതാവിനെയും 66 വയസ്സ് പിന്നിട്ട മാതാവിനെയും ഇനി മാറ്റിത്തിരുത്തി ചിന്തിപ്പിക്കുക എന്നത് അസാധ്യമാണ്.” – എന്നാണ് ഐശ്വര്യ പറയുന്നത്.
തമിഴിൽ വൻ വിജയമായ ‘ഗാട്ട ഗുസ്തി 2’ വിന് ശേഷം ഉർവശി, ജോജു ജോർജ്, വിജയരാഘവൻ എന്നിവർക്കൊപ്പം അഭിനയിച്ച ‘ആശ’യാണ് ഐശ്വര്യ ലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ മലയാള ചിത്രം. നവാഗതനായ സഫർ സനൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സഫർ സനൽ, ജോജു ജോർജ്, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ്.
