Home » Blog » Kerala » സെലെൻസ്‌കിയുടെ വിമാനത്തിനരികിലേക്ക് പറന്നെത്തി ഡ്രോൺ; റഷ്യയുടെ ‘പണി’ ആണെന്ന് ആരോപണം; യുക്രൈൻ പ്രസിഡന്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
11

ഓസ്‌ലോ : നോർവേയിലേക്ക് യാത്രതിരിക്കാനൊരുങ്ങവേ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കിയുടെ വിമാനത്തിന് സമീപം അപകടകരമായ രീതിയിൽ ഡ്രോൺ പറന്നെത്തി. മൊൾഡോവയിൽനിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ഡ്രോൺ ആക്രമണത്തിൽനിന്ന് സെലെൻസ്‌കി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്‌റ്റോർ പറഞ്ഞു.

നോർവേയിലെ ഹരാൾഡ് രാജാവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് സെലെൻസ്‌കി ഒസ്‌ലോയിലേക്ക് യാത്ര തിരിച്ചത്. വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ ഡ്രോൺ കണ്ടെത്തിയതോടെ മൊൾഡോവ ഉടൻ വ്യോമാതിർത്തി അടച്ചു. സംഭവത്തെ തുടർന്ന് സെലെൻസ്‌കിയുടെ യാത്രയും വൈകി.

റഷ്യൻ ഡ്രോണാണ് മൊൾഡോവൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്നാണ് മൊൾഡോവയുടെ ആരോപണം. ചിസിനാവു വിമാനത്താവളത്തിൽനിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ ഡ്രോൺ തകർന്നുവീണതായി സ്ഥിരീകരിച്ചതിന് ശേഷമാണ് സെലെൻസ്‌കിയുടെ വിമാനത്തിന് ടേക്ക് ഓഫിന് അനുമതി നൽകിയത്. സംഭവത്തിൽ റഷ്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സംഭവം യാദൃച്ഛികമായിരുന്നില്ലെന്ന സൂചനയും പുറത്തുവന്നു. സെലെൻസ്‌കിയുടെ വിമാനം വിമാനത്താവളത്തിൽ ഉണ്ടായിരുന്ന സമയത്ത് നിരീക്ഷണത്തിനായി മാത്രം ഒരു ഡ്രോൺ മൊൾഡോവൻ അതിർത്തി കടന്നെത്തിയതാണെന്ന് വിശ്വസിക്കാനാകില്ലെന്ന് യു.എസിലെ മൊൾഡോവൻ അംബാസഡർ വ്‌ളാഡിസ്ലാവ് കുൽമിൻസ്‌കി പറഞ്ഞു. ഡ്രോൺ സെലെൻസ്‌കിയെ ലക്ഷ്യമിട്ടെത്തിയതാണോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. വിദേശ സന്ദർശനങ്ങൾക്കായി സെലെൻസ്‌കി പതിവായി മൊൾഡോവൻ വ്യോമാതിർത്തി ഉപയോഗിക്കാറുണ്ടെന്നും ഇത്തരമൊരു സംഭവം ഇതാദ്യമല്ലെന്നും കുൽമിൻസ്‌കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *