chatGpt-1-680x450.jpg

ചാറ്റ്ജിപിടിയുടെ ഉപയോഗത്തിൽ ഓപ്പൺ എഐ വലിയൊരു മാറ്റത്തിന് ഒരുങ്ങുകയാണ്. ഇനിമുതൽ ചാറ്റ്ജിപിടിക്ക് മെഡിക്കൽ, ലീഗൽ, ഫിനാൻഷ്യൽ ഉപദേശങ്ങൾ നൽകാൻ കഴിയില്ല. അതായത്, ചാറ്റ്ജിപിടി ഇനി ഔദ്യോഗികമായി അറിവ് പകരുന്ന ഒരു ഉപകരണം മാത്രമായിരിക്കും, അല്ലാതെ കൺസൾട്ടന്റായി ഉപയോഗിക്കാൻ കഴിയില്ല. നിയന്ത്രണങ്ങൾ വർദ്ധിക്കുന്നത് ഭാവിയിൽ വലിയ ബാധ്യതകൾക്ക് കാരണമാകും എന്ന വിലയിരുത്തലിലാണ് ഓപ്പൺ എഐ ഈ പുതിയ തീരുമാനമെടുത്തത്. പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ആവശ്യമുള്ള കൺസൾട്ടേഷനുകൾക്കായി ഉപയോക്താക്കൾക്ക് ഇനി ചാറ്റ്ജിപിടിയെ ആശ്രയിക്കാനാവില്ല. ഇതിൽ, മെഡിക്കൽ, നിയമപരമായ, സാമ്പത്തിക തീരുമാനങ്ങൾ എന്നിവയ്ക്ക് പുറമെ, ഭവനം, വിദ്യാഭ്യാസം, കുടിയേറ്റം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട കൺസൾട്ടേഷനുകളും ഉൾപ്പെടുന്നു.

ഈ വിഷയങ്ങളിൽ ചാറ്റ്ജിപിടി മൗനം പാലിക്കുമെന്നല്ല ഓപ്പൺ എഐയുടെ ഈ പുതിയ തീരുമാനത്തിന് അർത്ഥം. സാധാരണ വിവരങ്ങൾ കൈമാറുന്ന രീതിയിലുള്ള മറുപടികൾ ചാറ്റ്ജിപിടി നൽകും. എന്നാൽ, ഉപയോക്താക്കളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായുള്ളതോ, പ്രൊഫഷണൽ രീതിയിലുള്ളതോ ആയ ഉപദേശങ്ങളൊന്നും ഇനി നൽകില്ല. ഇതിനുപുറമെ, പേഴ്സണലൈസ്ഡ് അല്ലെങ്കിൽ ഫേഷ്യൽ റെക്കഗ്നിഷൻ ആവശ്യമായ AI സഹായവും പുതിയ തീരുമാനപ്രകാരം നിയന്ത്രിക്കാൻ ഓപ്പൺ എഐ തീരുമാനിച്ചിട്ടുണ്ട്. ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അപകടങ്ങളൊന്നും സംഭവിക്കാതിരിക്കാനുള്ള ഒരു സുരക്ഷാ മാർഗ്ഗം എന്ന നിലയിലാണ് ഈ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും ഓപ്പൺ എഐ വ്യക്തമാക്കി.

പുതിയ നിയന്ത്രണങ്ങൾ വന്നതോടെ, ചാറ്റ്ജിപിടി ഇനി സാധാരണ വിവരങ്ങൾ മാത്രമേ ഉപയോക്താക്കൾക്ക് വിശദീകരിക്കുകയുള്ളൂ. കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ പ്രൊഫഷണൽ വിദഗ്ധരെ സമീപിക്കാനുള്ള നിർദ്ദേശമാകും എഐ നൽകുക. മരുന്നുകൾ, അവയുടെ അളവുകൾ, നിക്ഷേപ നിർദ്ദേശങ്ങൾ, നിയമപരമായ പരാതികളോ അപേക്ഷകളോ മുൻകൂട്ടി തയ്യാറാക്കിയ രേഖകളോ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനി ചാറ്റ്ജിപിടി നൽകില്ല. മെഡിക്കൽ ഉപദേശങ്ങൾക്കായി പലരും ചാറ്റ്ജിപിടിയെ ആശ്രയിക്കുകയും അത് വലിയ അബദ്ധങ്ങൾക്കും പരാതികൾക്കും കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഓപ്പൺ എഐ ഈ കർശന തീരുമാനം എടുത്തത്.

ആത്മഹത്യയ്ക്ക് പ്രേരണ നൽകുന്നു, മാനസികാരോഗ്യം തകർക്കുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അമേരിക്കയിലും കാനഡയിലും ഏഴോളം കുടുംബങ്ങൾ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. കാലിഫോർണിയയിലെ കോടതികളിൽ ഫയൽ ചെയ്ത ഈ ഏഴ് കേസുകളെക്കുറിച്ച് വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്തത്. ചാറ്റ്ബോട്ടുകളുമായുള്ള ദീർഘകാല ആശയവിനിമയം ആളുകളെ ഭ്രമാത്മകമായ അവസ്ഥകളിലേക്ക് തള്ളിവിടുകയും ചിലപ്പോൾ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പരാതി. ആത്മഹത്യാ പ്രേരണ, സ്വമേധയാ ഉള്ള നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു. ഇതിൽ നാല് കേസുകൾ കുടുംബാംഗങ്ങളുടെ ആത്മഹത്യകളുമായി ബന്ധപ്പെട്ടതാണെങ്കിൽ, മറ്റ് മൂന്നെണ്ണം ചാറ്റ്ജിപിടി മാനസികാരോഗ്യം തകർത്തുവെന്ന പരാതിയാണ് മുന്നോട്ട് വയ്ക്കുന്നത്. ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാതെ, മറിച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ചാറ്റ്ജിപിടി പലപ്പോഴും സ്വീകരിക്കുന്നതെന്ന നിരവധി പരാതികളുണ്ട്

 

 

Leave a Reply

Your email address will not be published. Required fields are marked *