
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷം തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തെളിവുകൾ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി. വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തും ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്കു കത്തു നൽകിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇതിൽ രാഷ്ട്രീയമില്ല. നിയമം മാത്രമാണ് നോക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന വാങ്ങാറുണ്ട്. ഈ കേസ് അങ്ങനെയല്ല. അതിന് അപ്പുറമുള്ള കേസുകൾ ഇ.ഡി നൽകിയ കത്തിലുണ്ട്. ന്യായീകരിക്കാൻ മാത്രമാണ് സിപിഎം നടക്കുന്നത്. സിപിഎം ഇപ്പോൾ പ്രതിരോധത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ വ്യക്തിക്കെതിരേ അതിശക്തമായ ആക്ഷേപമാണ് ആ പാർട്ടിയിൽ നിലനിൽക്കുന്നത്. സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കിയ പാർട്ടി സെക്രട്ടറിയുടെ നടപടിക്കെതിരെ കേന്ദ്ര കമ്മിറ്റിവരെ ആക്ഷേപം ഉയർത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.ഡി അന്വേഷണങ്ങളുമായി രാഹുൽ ഗാന്ധി മുൻപ് പൂർണമായി സഹകരിച്ചിരുന്നു. വണ്ടിയോ പൊതുമുതലുകളോ തല്ലിപ്പൊളിക്കുന്ന രീതി ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജില്ലാ ജുഡീഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ തീരുമാനമായതായും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം സുപ്രീംകോടതിയിൽ കേസുകൾ നടത്തുന്നതിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ രൂപവത്കരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
