Home » Blog » Kerala » ഡൽഹി വോട്ടർപട്ടികയിൽ രാഘവ് ഛദ്ദയുടെ പേര്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ക്രമക്കേട് ആരോപണവുമായി എ.എ.പി
Raghav-Chadha-680x450

ഡൽഹി: ആം ആദ്മി പാർട്ടി നേതാവും എം.പിയുമായ രാഘവ് ഛദ്ദയുടെ പേര് ഡൽഹി വോട്ടർപട്ടികയിൽ ചേർത്ത നടപടിയിൽ ഗുരുതര ക്രമക്കേട് ആരോപിച്ച് ആം ആദ്മി പാർട്ടി. രജീന്ദർ നഗർ നിയമസഭാ മണ്ഡലത്തിലാണ് രാഘവ് ഛദ്ദയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണ നടപടികൾ പുരോഗമിക്കവേ, കരട് പട്ടിക പ്രകാരം 746 വോട്ടർമാരുള്ള ബൂത്തിൽ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് രാഘവ് ഛദ്ദ 747-ാമത്തെ വോട്ടറായി മാറിയതെന്ന് എ.എ.പി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ചോദിച്ചു.

ആഗസ്റ്റ് 31-നും സെപ്റ്റംബർ 7-നും ഇടയിൽ ലഭിച്ച അപേക്ഷകളിൽ നവംബർ 4-ലെ സപ്ലിമെന്ററി ഇലക്ടറൽ റോളിലാണ് അന്തിമതീരുമാനം പ്രസിദ്ധീകരിക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കെ, രാഘവ് ഛദ്ദയുടെ പേര് ഇപ്പോൾ എങ്ങനെ ഉൾപ്പെട്ടുവെന്നാണ് പാർട്ടി ചോദ്യം ചെയ്യുന്നത്. നേരത്തെ, പഞ്ചാബിൽ നടന്ന വോട്ടർപട്ടിക പരിഷ്കരണത്തിന് പിന്നാലെ രാഘവ് ഛദ്ദയുടെ പേര് അവിടെനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പഞ്ചാബിൽ നിന്ന് സ്ഥിരം താമസം മാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.

എന്നാൽ, രാജ്യസഭാംഗത്തിന്റെ പേര് ഇത്തരത്തിൽ ഒഴിവാക്കാൻ എസ്‌.ഐ.ആർ ചട്ടപ്രകാരം സാധ്യമല്ലെന്നും തനിക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലാണിതെന്നും ഛദ്ദ ആരോപിച്ചിരുന്നു. അതേസമയം, പേര് നീക്കിയതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും അപാകതകൾ ഉണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നുമാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സർക്കാർ നൽകിയ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *