Home » Blog » Kerala » “തെരഞ്ഞെടുപ്പിലെ തോൽവിയുടെ ദേഷ്യവും പ്രതികാരവും തീർക്കുകയാണോ?” ; കാന്തപുരത്തെ വിമർശിച്ച സി.പി.എം നേതാക്കൾക്കെതിരെ എ.പി. സമസ്ത
17

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച പരാമർശത്തെച്ചൊല്ലി സി.പി.എം. നേതാക്കൾ നടത്തിയ രൂക്ഷ വിമർശനത്തിനെതിരെ എ.പി. വിഭാഗം സമസ്ത. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ദേഷ്യവും പ്രതികാരവും തീർക്കാനാണോ കാന്തപുരത്തിനെതിരെ രംഗത്തെത്തിയതെന്ന് സംഘടനാ പ്രസിദ്ധീകരണമായ ‘സിറാജ്’ ദിനപത്രത്തിലെ ലേഖനം ചോദിക്കുന്നു. എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എഴുതിയ ലേഖനത്തിലാണ് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം.

കഴിഞ്ഞ പത്ത് വർഷമായി സി.പി.എം. സ്വീകരിച്ചുവന്ന നിലപാടുകളിൽനിന്ന് വ്യത്യസ്തമായി, ഈ വിഷയത്തിൽ അന്ധമായ വിമർശനമാണ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ലേഖനത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടെന്ന വിലയിരുത്തലുകൾക്കിടയിലാണ് കാന്തപുരത്തിനെതിരായ വിമർശനം ഉയർന്നതെന്നും ലേഖനം ആരോപിക്കുന്നു. പോരായ്മകൾ തിരുത്തി പാർട്ടി സ്വയം ചികിത്സിച്ചില്ലെങ്കിൽ പശ്ചിമ ബംഗാളിൽ സംഭവിച്ചതുപോലെ കേരളത്തിലും സി.പി.എമ്മിന് തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തിൽ ഇടതുപക്ഷം ശക്തമായി നിലനിൽക്കണമെന്നാണ് സുന്നി വിഭാഗവും ആഗ്രഹിക്കുന്നതെന്നും എന്നാൽ കാര്യങ്ങൾ അതിന് വിരുദ്ധമായാണ് മുന്നോട്ടുപോകുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. കാന്തപുരം സ്ത്രീ വിരുദ്ധനല്ലെന്ന് വ്യക്തമാക്കുന്നതിനായി അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തവും പെൺകുട്ടികളുടെ വിദ്യാഭ്യാസവും ലേഖനത്തിൽ എടുത്തുപറയുന്നുണ്ട്.

കാന്തപുരത്തിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് സി.പി.എം. നേതാക്കളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എൻ. ഷംസീർ തുടങ്ങിയ നേതാക്കളും കാന്തപുരത്തിനെതിരെ രംഗത്തെത്തി.

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി.പി.എം. നേതൃത്വവും പാർട്ടി പ്രവർത്തന രീതിയും സംബന്ധിച്ച പൊതുവായ വിമർശനങ്ങളും ലേഖനം ഉയർത്തുന്നുണ്ട്. പാർട്ടിയുടെ നേതൃത്വം പിണറായി വിജയനിലേക്ക് മാത്രം ചുരുങ്ങിയെന്നും അധികാരം കൂടുതൽ കേന്ദ്രീകരിക്കപ്പെട്ടുവെന്നും ലേഖനം വിമർശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *