Home » Blog » Cinema » “സിനിമ ടിക്കറ്റിന് 240 രൂപ, പോപ് കോണിന് 453 രൂപയും… സ്വർണം അരച്ചാണോ പോപ് കോൺ ഉണ്ടാക്കുന്നത്? ഇതിനൊരു അറുതി വേണ്ടേ… സർക്കാർ അടിയന്തരമായി ഇടപെടണം” – മൾട്ടിപ്ലക്‌സുകളിലെ തീവെട്ടികൊള്ളയ്ക്കെതിരെ നിർമ്മാതാവ് സുരേഷ് കുമാർ
15

തിരുവനന്തപുരം : മൾട്ടിപ്ലക്‌സ് തിയറ്ററുകളിൽ പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് സുരേഷ് കുമാർ രം​ഗത്ത്. മൾട്ടിപ്ലക്‌സുകളിൽ നടക്കുന്നതു തീവെട്ടികൊള്ളയാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘240 രൂപയുടെ ടിക്കറ്റ് എടുത്താണ് കഴിഞ്ഞ ദിവസം സിനിമ കാണാൻ പോയത്. പോപ്‌കോൺ വാങ്ങിയപ്പോൾ 453 രൂപയായി. കൂടാതെ ഒരു കുപ്പി വെള്ളത്തിനു 90 രൂപയാണ് ഈടാക്കിയത്. ഈ പോപ്‌കോണിൽ എന്താ സ്വർണം അരച്ചാണോ കൊടുക്കുന്നത്. സുപ്രീംകോടതി വിധി ഉണ്ടെന്നു പറഞ്ഞാണ് ഇതൊക്കെ ചെയ്യുന്നത്.” – സുരേഷ് കുമാർ പറഞ്ഞു.

“ഇതിനൊരു അറുതി വേണ്ടേ. സർക്കാർ അടിയന്തരമായി ഇടപെടണം. ടിക്കറ്റിനേക്കാൾ ഇരട്ടി പോപ്‌കോണിനു വാങ്ങുമ്പോൾ സാധാരണക്കാർ കുടുംബമായി സിനിമ കാണാൻ പോകണമെങ്കിൽ എത്ര രൂപ വേണ്ടിവരും. സാധാരണക്കാരാരും അവിടെ വരേണ്ട എന്നാണോ കരുതുന്നത്. കുടിവെള്ളമെങ്കിലും അവിടെ വയ്‌ക്കേണ്ടതല്ലേ. നിയമത്തിന്റെ പഴുതുപയോഗിച്ചാണ് ഈ കൊള്ള നടത്തുന്നത്.” – അദ്ദേഹം വ്യക്തമാക്കി.

“ഈ തീവെട്ടിക്കൊള്ളയ്ക്കെതിരെ സുപ്രീംകോടതിയിൽ ഇതു റിവ്യൂ ചെയ്യാനുള്ള നീക്കം നടത്തണം. ചലച്ചിത്ര പ്രവർത്തകർക്ക് ഇതിനോടു യോജിപ്പില്ല. വില കൂടുതലായാൽ ആളുകൾ മൾട്ടിപ്ലക്‌സിലേക്കു വരുന്നതു കുറയും. ആളുകളെ പിഴിയുന്ന നില തടയാൻ സർക്കാരും അധികൃതരും ഇടപെടണം. ഇനി അത് അനുവദിക്കാൻ കഴിയില്ല.’’ – സുരേഷ്‌കുമാർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *