Home » Blog » Kerala » പാർട്ടിയുടെ ആഭ്യന്തര രഹസ്യങ്ങൾ ചോരുന്നത് തടയാൻ അസാധാരണ നീക്കം; ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സി.പി.എം.
10

തിരുവനന്തപുരം: പാർട്ടി ചർച്ചകളിലെ വിവരങ്ങൾ പുറത്തേക്ക് ചോരുന്നത് തടയാൻ അസാധാരണ നടപടിയുമായി സി.പി.എം. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെയാണ് തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ നടപടി.

സംസ്ഥാന സമിതി അംഗങ്ങളിൽനിന്നാണ് ഫോൺ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ട് വാങ്ങിയത്. ഫോൺ കമ്പനികളോട് വിവരങ്ങൾ ലഭ്യമാക്കാൻ സ്വയം ആവശ്യപ്പെടുന്ന മാതൃകയിലാണ് സമ്മതപത്രം തയ്യാറാക്കിയിരുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് നേരത്തെ അപേക്ഷാ ഫോമിന്റെ മാതൃക നൽകിയിരുന്നു. വിഷയത്തിൽ എതിർപ്പ് ഉന്നയിക്കാതെ എല്ലാവരും സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകിയതായാണ് വിവരം.

പാർട്ടി യോഗങ്ങളിലെ ചർച്ചകളും തീരുമാനങ്ങളും പുറത്തേക്ക് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേതൃത്വം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടിയുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. എന്നാൽ, പാർട്ടിക്കുള്ളിൽ തന്നെ നടപടിക്കെതിരെ അതൃപ്തി ഉയർന്നിട്ടുണ്ട്. ഒരു വിഭാഗം നേതാക്കൾ വിഷയത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

വിഷയം കേന്ദ്ര, സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താനും ഇവർ നീക്കം നടത്തുന്നുണ്ട്. വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി നടന്ന ഈ നീക്കം പാർട്ടിക്കുള്ളിലെ വിവരചോർച്ച സംബന്ധിച്ച നേതൃത്വത്തിന്റെ ആശങ്ക വ്യക്തമാക്കുന്നതായാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *