Home » Blog » Education » പിഎംശ്രീയിൽ എൽഡിഎഫ് സർക്കാർ നടത്തിയത് അതീവ രഹസ്യനീക്കം; വിവരങ്ങൾ പുറത്ത്
6

തിരുവനന്തപുരം: പിഎംശ്രീയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയത് അതീവരഹസ്യമാണെന്ന് റിപ്പോർട്ട്. പിഎംശ്രീയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച പ്രധാനയോഗത്തിൽ അഞ്ചുപേർ മാത്രമാണ് പങ്കെടുത്തത്. ആദ്യയോഗത്തിൽ തന്നെ തീരുമാനമെടുത്ത് അന്ന് തന്നെ കേന്ദ്രത്തിന് കത്തും നൽകിയിരുന്നു. പിന്നീട് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം പുറത്തറിയാതിരിക്കാൻ വിഷയം ഫോണിൽ സംസാരിക്കരുതെന്നും വാട്‌സ്ആപ്പ് സന്ദേശം അയക്കരുതെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.

വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി ശിവൻകുട്ടി പറഞ്ഞതനുസരിച്ച് പ്രൈവറ്റ് സെക്രട്ടറിയാണ് വിലക്കേർപ്പെടുത്തിയത്. എസ്എസ്‌കെ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ ആക്ഷൻ കലണ്ടർ റിപ്പോർട്ടിലാണ് വിശദവിവരങ്ങളുള്ളത്. മന്ത്രിയുടെ വസതിയിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ.രതീഷ് കാളിയാടൻ, എസ്എസ്‌കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ.സുപ്രിയ എ ആർ എന്നിവരായിരുന്നു ചർച്ച നടത്തിയത്.

തുടർന്ന്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് നൽകാനുള്ള കത്ത് തയ്യാറാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ, ഇ-മെയിൽ സന്ദേശങ്ങൾ എന്നിവ പാടില്ലെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിർദേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *