
പി.എം. ശ്രീ പദ്ധതിയോടുള്ള കടുത്ത എതിർപ്പ് ആവർത്തിച്ച് എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന സർക്കാരിന്റെ നിലപാടിനെയും വിമർശിച്ചു. ഈ വിഷയത്തിൽ വിമർശനമുന്നയിച്ച മുൻ മന്ത്രി കെ. രാജന് മറുപടി നൽകിയ കെ.സി വേണുഗോപാൽ കാബിനറ്റ് മന്ത്രിയായിരുന്ന കാലത്ത് മിണ്ടാതിരുന്ന അദ്ദേഹം അന്ന് ഒത്തുകളിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളിലെ വിവാദങ്ങളിൽ പാർട്ടി സ്വന്തം നിലപാട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിറയിൻകീഴിൽ എം.എൽ.എ. രമ്യ ഹരിദാസ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളിയെക്കുറിച്ച് പാർട്ടി തലത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. ആരുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചതെന്ന് വിശദമായി പരിശോധിച്ചുവരികയാണെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് പ്രതികരിച്ച കെ.സി. വേണുഗോപാൽ, കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം 2029 ലെ പൊതുതെരഞ്ഞെടുപ്പാണെന്ന് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെയായിരിക്കും മുന്നണിയെ നയിക്കുകയെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.
