
കൊച്ചി: റോയൽ എൻഫീൽഡ് സംഘടിപ്പിക്കുന്ന മോട്ടോവേഴ്സ് 2026 നവംബർ 27 മുതൽ 29 വരെ ഗോവയിലെ വാഗത്തോറിൽ നടക്കും. റോയൽ എൻഫീൽഡിന്റെ 125-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇത്തവണത്തെ മേളയിൽ സംഗീതം, മോട്ടോർസൈക്കിൾ, കല, കായികം, സംസ്കാരം എന്നിവ ഒത്തുചേരും. റെബൽ, ലൈഫാഫ, ഫർഹാൻ അക്തർ, സഞ്ജിത് ഹെഗ്ഡെ, എംഎച്ച്ആർ & ഫ്രണ്ട്സ്, ദി തിങ്ക് ഫ്ലോയ്ഡിയൻ തുടങ്ങിയവർ പ്രധാന വേദിയിൽ അണിനിരക്കും. റൈഡുകൾ, മോട്ടോർസൈക്കിൾ പ്രദർശനങ്ങൾ, പുതിയ മോഡലുകളുടെ അവതരണം, വർക്ക്‌ഷോപ്പുകൾ, മത്സരങ്ങൾ എന്നിവയും മേളയുടെ ഭാഗമാകും. 2025ൽ 40,000ലേറെ പേർ പങ്കെടുത്ത മോട്ടോവേഴ്സിന്റെ ഇത്തവണത്തെ പതിപ്പിന്റെ ആദ്യഘട്ട ടിക്കറ്റുകൾ ₹2,599 മുതൽ ലഭിക്കും.
