
കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉയരുമ്പോഴും നിലപാടില്‍ ഉറച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. ആര് എതിര്‍ത്താലും മതനിയമങ്ങള്‍ പറയുമെന്ന് കാന്തപുരം പറഞ്ഞു. ലോകാവസാനം വരെ ഇസ്ലാമിക നിയമങ്ങള്‍ പറയും. പ്രവാചകന് കാണിച്ചുതന്നത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കാന്തപുരം പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം സംഘടിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് നടന്ന മര്‍ക്കസ് മിലാദ് സമ്മേളനത്തിലായിരുന്നു കാന്തപുരം നിലപാട് വ്യക്തമാക്കിയത്.
നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് ഇറക്കിയ പ്രസ്താവനയാണ് വിവാദമായത്. അന്യപുരുഷന്മാര്ക്കിടയില് വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ ‘പ്രദര്‍ശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.
കാന്തപുരത്തിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി വി ഡി സതീശന് രംഗത്തെത്തിയതും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിമര്‍ശനം പദവിക്ക് ചേരുന്നതല്ലെന്നായിരുന്നു എ പി വിഭാഗം എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പ്രതികരിച്ചത്. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്തും ആവശ്യപ്പെട്ടിരുന്നു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെച്ചൊല്ലി ഇടത് മുന്നണിയിലും ഭിന്നാഭിപ്രായമാണ് ഉണ്ടായത്. കാന്തപുരത്തെ ന്യായീകരിച്ച് കെ ടി ജലീലും ടി കെ ഹംസയും ഐഎന്‍എല്‍ നേതാക്കളും രംഗത്തെത്തി. എന്നാല്‍ കാന്തപുരത്തെയും ലീഗിനെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു സിപിഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം. കാന്തപുരത്തെ പിന്തുണച്ച ലീഗ് നേതാക്കളെ വിമര്‍ശിച്ച് സിപിഐ നേതാവ് ആനി രാജയും സിപിഐഎം നേതാവ് പി കെ ശ്രീമതിയും അടക്കം രംഗത്തെത്തിയിരുന്നു.
