Home » Blog » Kerala » മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതിൽ ദുരൂഹത; മെറ്റയോട് വിശദീകരണം തേടി സർക്കാർ
vd-sathee

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് ചില പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കത്തയച്ചു. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത സംബന്ധിച്ച വിവരങ്ങളും നബിദിന ആശംസകളും അടങ്ങിയ പോസ്റ്റുകളാണ് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായത്.

 

നീക്കം ചെയ്ത പോസ്റ്റുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും, എന്ത് കാരണത്താലാണ് ഉള്ളടക്കം മാറ്റിയതെന്ന് വ്യക്തമാക്കണമെന്നുമാണ് മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര ഐടി മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

 

നേരത്തെ മുഖ്യമന്ത്രിയെ വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നുവെങ്കിലും, ആരുടെയും ആവശ്യപ്രകാരമല്ല അതെന്നും സാങ്കേതിക പിഴവാണ് കാരണമെന്നും മെറ്റ പിന്നീട് കേരള പൊലീസിനെ അറിയിക്കുകയുണ്ടായി.

 

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ ദുരുപയോഗം ചെയ്തുളള സാമ്പത്തിക തട്ടിപ്പുകൾ തടയാൻ രൂപകൽപ്പന ചെയ്ത എഐ ടൂൾ ഉപയോഗിച്ചതിലെ തകരാറാണ് മുൻപും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മെറ്റ വ്യക്തമാക്കിയിരുന്നു. സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷന്റെ ഭാഗമായുള്ള സാങ്കേതിക തകരാറുകൾ കാരണമാണ് അന്ന് പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *