
തിരുവനന്തപുരം: ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ 3 അംഗ സമിതിയെ നിയോഗിച്ചതായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. കെ പി സി സി മുൻ അധ്യക്ഷൻ എം എം ഹസൻ അധ്യക്ഷനായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ പി സി സി ജനറൽ സെക്രട്ടറി രമണി പി നായർ, നെയ്യാറ്റിൻകര സനൽ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയം ഗൗരവമായി കാണുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി തെറ്റുകാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സണ്ണി ജോസഫ് ഉറപ്പുനൽകി.
അതേസമയം, പ്രശ്നം പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കാനും നിയമനടപടികളും അറസ്റ്റും ഒഴിവാക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. അന്വേഷണത്തിന്റെ ഭാഗമായി ഇരുകൂട്ടരോടും നാളെ നേരിട്ട് ഹാജരാകാൻ സമിതി നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
