Home » Blog » Kerala » ‘യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന നിർബന്ധമാക്കണം’ ; മാർത്തോമ സഭാ വൈദിക ട്രസ്റ്റിയുടെ പരാമർശം വിവാദത്തിൽ
15

തിരുവനന്തപുരം: മാർത്തോമ സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന നിർബന്ധമാക്കണമെന്ന വൈദിക ട്രസ്റ്റിയുടെ പരാമർശം വിവാദത്തിൽ. തിരുവനന്തപുരത്ത് നടന്ന മാർത്തോമ സഭ കുടുംബസംഗമത്തിലായിരുന്നു റവ. ഡോ. കെ. തോമസിന്റെ പരാമർശം. വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നായിരുന്നു റവ. ഡോ. കെ. തോമസ് പറഞ്ഞത്. വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്ന പരാമർശവും അദ്ദേഹം നടത്തി.

ഇത് സഭയിലെ യുവാക്കളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണെന്ന വിമർശനം സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നു. പരാമർശത്തിനെതിരെ സഭയ്ക്കുള്ളിലും വിമർശനം ശക്തമായി. അതേസമയം, വൈദിക ട്രസ്റ്റിയുടെ നിലപാട് വ്യക്തിപരമാണെന്ന് മാർത്തോമ സഭ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.

വിവാദം ശക്തമായതോടെ വിശദീകരണവുമായി റവ. ഡോ. കെ. തോമസ് രംഗത്തെത്തി. സദുദ്ദേശത്തോടെയാണ് പരാമർശം നടത്തിയതെന്നും രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളെ അപമാനിക്കുകയായിരുന്നില്ല ഉദ്ദേശ്യമെന്നും കെ. തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *