
കൊച്ചി: ആഗോള സംഗീത, വിനോദ മേഖലയിലെ പ്രമുഖ കമ്പനിയായ ഹൈബ് ഇന്ത്യ അടുത്ത ഘട്ട ഓഡിഷൻ പ്രഖ്യാപിച്ചു. ‘ഹൈബ് ഇന്ത്യ ഓഡിഷൻ: ഫൈനൽ കോൾ’ എന്ന പേരിലുള്ള ഓഡിഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവ പ്രതിഭകൾക്ക് അവസരം ലഭിക്കും. സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ലഖ്നൗ, ദിമാപൂർ, കൊഹിമ, ഷില്ലോങ്, ജയ്പൂർ, ഇൻഡോർ, ഗോവ, കൊച്ചി എന്നിവിടങ്ങളിലായി എട്ട് നഗരങ്ങളിൽ ഓൺ-ഗ്രൗണ്ട് ഓഡിഷനും നടക്കും. ആദ്യഘട്ട ഓഡിഷനിൽ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നായി നിരവധി അപേക്ഷകളാണ് ലഭിച്ചത്. 116 രാജ്യങ്ങളിലെ 1,650-ലേറെ നഗരങ്ങളിൽനിന്നും ഇന്ത്യൻ പ്രവാസി സമൂഹത്തിൽനിന്നും പങ്കാളിത്തമുണ്ടായി. പുതിയ തലമുറയിലെ വനിതാ കലാകാരികളെ കണ്ടെത്തി ആഗോള വേദിയിലേക്ക് വളർത്തുകയാണ് ഓഡിഷന്റെ ലക്ഷ്യം.
