സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ മതാടിസ്ഥാനത്തിൽ നിർത്താൻ ഒരുങ്ങി ബിജെപി. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കണമെന്നത് സംബന്ധിച്ചുള്ള സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് ഇറക്കിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വരാൻ പോകുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ മതാടിസ്ഥാനത്തിൽപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കേണ്ടതിന്റെ ആവശ്യകത ബിജെപി സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന ഘടകം നടത്തിയ സർവേയിൽ ഓരോ പഞ്ചായത്തിലും ഇത്ര എണ്ണം ക്രിസ്ത്യാനികളെ സ്ഥാനാർത്ഥികളാക്കണമെന്നാണ് സർക്കുലറിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കണ്ണൂരിലെ മലയോര മേഖലകളിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇത്തരത്തിൽ പുറത്തുവന്നിട്ടുള്ളത്. 47 വാർഡുകളിൽ ക്രിസ്ത്യാനികളെ സ്ഥാനാർത്ഥികളാക്കണമെന്നാണ് ബിജെപി എടുത്തിരിക്കുന്ന തീരുമാനം. സംസ്ഥാന ഘടകത്തിന്റെ ഈ തീരുമാനത്തിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ വലിയ വിമർശനമാണ് ഉയരുന്നത്.
