
ഡൽഹിയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ ജില്ല ഒഴികെയുള്ള ഡൽഹിയുടെ മറ്റ് ഭാഗങ്ങളിലെല്ലാം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ ഡൽഹിയുടെ വിവിധ മേഖലകളിൽ കനത്ത മഴ ലഭിച്ചേക്കും.
സെപ്റ്റംബർ 3- ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഡൽഹിക്ക് പുറമെ ഒഡീഷ, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ സെപ്റ്റംബർ ഏഴുവരെ മഴ നീണ്ടുനിൽക്കാനാണ് സാധ്യത. ഡെറാഡൂൺ, തെഹ്രി, ഉത്തരകാശി, നൈനിറ്റാൾ, ചമ്പാവത്, ഉധം സിംഗ് നഗർ, പിത്തോറഗഡ്, ബാഗേശ്വർ തുടങ്ങിയ ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും പ്രകൃതിക്ഷോഭത്തിലും രാജ്യത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. അസമിലും ഉത്തരാഖണ്ഡിലുമായി ഇതുവരെ 11 പേർ മരിച്ചതായാണ് വിവരം. ഗുവാഹത്തിയിലുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരണപ്പെട്ടു. ജാർഖണ്ഡിലും ഉത്തർപ്രദേശിലും നദികൾ കരകവിഞ്ഞൊഴുകുന്നതുമൂലം റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളിൽ ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. പ്രളയസാധ്യത മുൻനിർത്തി ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാർഖണ്ഡും ഉത്തർപ്രദേശും അതീവ ജാഗ്രതയിലാണ്.
