Home » Blog » Kerala » സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ :  ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം ;  സെപ്റ്റംബർ 11 ന് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും
19
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായിക, ടൂറിസം മേഖലകളിൽ വൻ മാറ്റത്തിന്  വഴിയൊരുക്കാൻ ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്വകാര്യ പങ്കാളിത്തത്തോടെ 1500 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ കെ.സി.എ ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, വിനോദ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് ഈ മാസം 11 ന് തിരുവനന്തപുരത്ത് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും. ഇതിനായുള്ള താല്പര്യപത്രം  ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ https://www.keralacricketassociation.com/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
ക്രിക്കറ്റ് മത്സരം കാണാൻ മാത്രമുള്ള ഇടം എന്നതിലുപരി, സ്റ്റേഡിയങ്ങളെ വർഷം മുഴുവൻ സജീവമായ വിനോദ-ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ കാതൽ. ഇതിൻ്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലബ്ബ് ഹൗസ്, സ്പോർട്സ് ലോഞ്ച്, പ്രമുഖ ബ്രാൻഡുകളുടെ റസ്റ്റോറന്റുകൾ, ഫുഡ് കോർട്ടുകൾ എന്നിവ സ്റ്റേഡിയങ്ങളോട് അനുബന്ധിച്ച് നിർമ്മിക്കും.

ബിസിനസ് ടൂറിസത്തിനും കോർപ്പറേറ്റ് സമ്മേളനങ്ങൾക്കുമുള്ള അത്യാധുനിക കൺവെൻഷൻ സെന്ററുകൾ, ഷോപ്പിംഗ് കോംപ്ലക്സ്, സ്പോർട്സ് മെർച്ചൻഡൈസ് ഹബ്ബ്, ഗ്രൗണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സെന്റർ, ഫാൻ പാർക്കുകൾ, ക്രിക്കറ്റ് മ്യൂസിയം എന്നിവയും ഈ വിനോദ സമുച്ചയത്തിൻ്റെ ഭാഗമാകും.

ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടം തലസ്ഥാനത്താണ് നടപ്പിലാക്കുന്നത്. നിലവിൽ തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, മംഗലപുരം എന്നിവയ്ക്ക് പുറമെ കൊല്ലം എഴുകോൺ, തൊടുപുഴ, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലും കെ.സി.എയ്ക്ക് സ്വന്തമായി ഭൂമിയുണ്ട്. കൊച്ചിയിൽ നിർദിഷ്ട അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി ഇതിനോടകം സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. കൂടാതെ കോഴിക്കോട്, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ പുതിയ പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, വിനോദ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ടാണ് കെ.സി.എ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.  കേരളത്തിന്റെ ടൂറിസം കുതിപ്പിന് വലിയ കരുത്തേകുന്ന ഈ പദ്ധതിക്ക് ഈ വർഷം തന്നെ തുടക്കം കുറിക്കാനാകുമെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ചുള്ള തുടർപദ്ധതികൾക്കായി വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ക്രിക്കറ്റ് മത്സരങ്ങൾ നടക്കുമ്പോൾ മാത്രം സജീവമാകുന്ന ഗ്രൗണ്ടുകൾ എന്ന പരമ്പരാഗത കാഴ്ചപ്പാടിനാണ് ഇതോടെ മാറ്റം വരുന്നത്. വർഷം മുഴുവൻ ജനങ്ങളെ ആകർഷിക്കുന്ന സ്പോർട്സ് ടൂറിസം ഹബ്ബുകളായി കെ.സി.എ സ്റ്റേഡിയങ്ങൾ മാറും. ഇന്ത്യയിലെ തന്നെ ആദ്യത്തെ സമ്പൂർണ്ണ ക്രിക്കറ്റ് ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം,” – കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *