Home » Blog » Kerala » “പ്രതിപക്ഷ നേതാവിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബുദ്ധി നല്‍കണേ. . .” ; രാഹുൽ ഗാന്ധിയുടെ ചിത്രം വച്ച് ബുദ്ധി ശുദ്ധീകരണ ഹോമം നടത്തി ബിജെപി
7

ഡെറാഡൂൺ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബുദ്ധി ശുദ്ധീകരിക്കാൻ ഹോമം നടത്തി ബി.ജെ.പി. ഡെറാഡൂണിലെ ക്ഷേത്രത്തിലാണ് ബി.ജെ.പി ഷെഡ്യൂൾഡ് കാസ്റ്റ് മോർച്ച രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് ബുദ്ധി-ശുദ്ധി പൂജ നടത്തിയത്. രാഹുലിനും കോൺഗ്രസ് നേതാക്കൾക്കും ബുദ്ധിയുണ്ടാകാനും കള്ളം പറയുന്നത് നിർത്താനുമാണ് ഹോമം നടത്തിയതെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.

ഹൽദ്വാനിയിലെ ശുദ്ധീകരണ കലശത്തിൽ പങ്കെടുത്തവർക്കെതിരെ പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ ബുദ്ധി-ശുദ്ധി ഹോമം.

“19 ജില്ലകളിലും ഞങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാത്മീകി സമുദായത്തിൽപ്പെട്ട ഒരാൾ ആ ചടങ്ങിൽ പങ്കെടുത്തിരുന്നു എന്ന് അറിഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധിയും ഖാർഗെയും ഹൽദ്വാനി ശുദ്ധീകരണ പരിപാടി വലിയ വിവാദമാക്കിയത്. അവർ നുണകൾ പ്രചരിപ്പിക്കുകയാണ് ” – ബി.ജെ.പി ഷെഡ്യൂൾഡ് കാസ്റ്റ് (എസ്‌.സി) വിഭാഗം സംസ്ഥാന പ്രസിഡന്റ് ബൽബീർ ഘുനിയൽ പറഞ്ഞു. ‘രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും ബുദ്ധി പ്രാപിക്കുകയും നുണ പ്രചരിപ്പിക്കുന്നത് നിർത്തുകയും ചെയ്യട്ടെ’ എന്ന പ്രതീക്ഷയോടെയാണ് ഹോമം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൽദ്വാനിയിലെ ‘ശുദ്ധീകരണ യജ്ഞ’വുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉത്തരാഖണ്ഡ് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണയും നടത്തിയിരുന്നു. എ.ഐ.സി.സി ചുമതലയുള്ള സുരേന്ദ്ര ശർമ, മനോജ് യാദവ് എന്നിവർക്കൊപ്പമെത്തിയ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റ് ഉപരോധിക്കാൻ ശ്രമിച്ചു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പട്ടികജാതി വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ വൈരാഗ്യം വളർത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്നുള്ള പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *