
ആലപ്പുഴ: ഓണാഘോഷത്തിനിടെ കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. കായംകുളം പുള്ളിക്കണക്കിലായിരുന്നു സംഭവം. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. സംഭവത്തിൽ തട്ടുകടക്കാരനെതിരെ കായംകുളം പൊലീസ് കേസെടുത്തു.
അവിട്ടം ദിനത്തിൽ മാവേലി വേഷത്തിലെത്തി പ്രദേശത്ത് ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു ചന്ദ്രബാബു. ഇതിനിടെ തട്ടുകടയിൽ നിന്ന് ചായ കുടിച്ച ശേഷം പണം നൽകി മടങ്ങുന്നതിനിടെയാണ് തർക്കമുണ്ടായത്. പിന്നാലെ തട്ടുകടക്കാരൻ തിളച്ച എണ്ണ തന്റെ ദേഹത്തേക്ക് ഒഴിച്ചതായാണ് ചന്ദ്രബാബുവിന്റെ പരാതി. എണ്ണ വീണ് ചന്ദ്രബാബുവിന്റെ മുഖത്തും കൈയിലും പൊള്ളലേറ്റു. എന്നാൽ തലയിൽ എണ്ണ വീഴാതിരുന്നത് ഓലക്കുട ഉണ്ടായിരുന്നതിനാലാണെന്നും ചന്ദ്രബാബു പറഞ്ഞു. സംഭവത്തിൽ കായംകുളം പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ എണ്ണ അബദ്ധത്തിൽ വീണതാണെന്നാണ് തട്ടുകട ഉടമയുടെ വാദം. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയിൽ പറയുന്ന സാഹചര്യങ്ങളും ആക്രമണത്തിന്റെ യഥാർഥ കാരണവും പൊലീസ് പരിശോധിച്ചു വരികയാണ്. ഓണാഘോഷത്തിനിടെ മാവേലി വേഷത്തിലെത്തിയ വ്യക്തിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രദേശത്ത് കനത്ത പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
