Home » Blog » Kerala » ‘ദളിതര്‍ക്ക് പേപ്പര്‍ കപ്പ്, ഖാര്‍ഗെ പ്രസംഗിച്ചാല്‍ ശുദ്ധീകരണം’ ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
18

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവിവേചനത്തിലും തൊട്ടുകൂടായ്മയിലും ആര്‍എസ്എസിനെയും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദളിതര്‍ നേരിടുന്ന വിവേചനങ്ങള്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു രാഹുലിന്റെ വിമർശനം.

ചായക്കടകളില്‍ ദളിതര്‍ക്ക് പേപ്പര്‍ കപ്പിലും മറ്റുള്ളവര്‍ക്ക് ഗ്ലാസിലും ചായ നല്‍കുന്നതും, സ്‌കൂളുകളില്‍ ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് ശൗചാലയങ്ങള്‍ വൃത്തിയാക്കിപ്പിക്കുന്നതും രാജ്യത്തെ ഇന്നത്തെ യാഥാര്‍ത്ഥ്യമാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും ഇത്തരം അവഗണനകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുള്ള രാംലീല മൈതാനിയില്‍ ഖാര്‍ഗെ പ്രസംഗിച്ചതിന് ശേഷം ശ്രീരാം സേന എന്ന സംഘടന അവിടെ ഹോമം നടത്തി ശുദ്ധീകരണം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രതികരണം. തൊട്ടുകൂടായ്മയുടെ ഭാഗമായി നടക്കുന്ന ഇത്തരം ശുദ്ധീകരണ ചടങ്ങുകള്‍ ഗുരുതരമായ കുറ്റകൃത്യമാണെന്ന് രാഹുൽ വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ എസ്.സി./എസ്.ടി ആക്ട് പ്രകാരം കേസ് എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. ഖാര്‍ഗെയ്ക്ക് നേരിട്ട വിവേചനത്തില്‍ നീതി ഉറപ്പാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മാത്രം വിഷയമല്ലെന്നും രാജ്യത്തെ കുട്ടികളടക്കമുള്ള ദളിതരുടെയും സ്ത്രീകളുടെയും പൊതുപ്രശ്‌നമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിവേചനങ്ങള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പോരാട്ടത്തിലൂടെ അത് നേടിയെടുക്കും. കുറ്റക്കാരെ രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഖാര്‍ഗെയെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ചില്ലെന്ന പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പാര്‍ട്ടിയിലെ ഭൂരിഭാഗം ആളുകളും താനടക്കം അദ്ദേഹത്തെ പൂര്‍ണ്ണമായി പിന്തുണച്ചിട്ടുണ്ടെന്നും, പിന്തുണച്ചില്ലെന്ന് തോന്നിയ ചില വ്യക്തികളെക്കുറിച്ച് മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും രാഹുല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *