ഉറുമ്പുകളോടുള്ള കടുത്ത ഭയം (മൈർമെകോഫോബിയ) എന്നറിയപ്പെടുന്ന അപൂർവമായ മാനസികാവസ്ഥയെ തുടർന്ന് 25 വയസ്സുള്ള യുവതി ആത്മഹത്യ ചെയ്ത സംഭവം തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഈ അവസ്ഥയെ അതിജീവിക്കാൻ കഴിയാതെയാണ് യുവതി ജീവനൊടുക്കിയതെന്ന് അമീൻപൂർ പോലീസ് അറിയിച്ചു. നവംബർ നാലിനാണ് സംഭവം. 2022-ൽ വിവാഹിതയായതും മൂന്ന് വയസ്സുള്ള ഒരു മകളുടെ അമ്മയുമായ യുവതിയെ, വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മഞ്ചേരിയാൽ സ്വദേശിനിയായ യുവതിക്ക് കുട്ടിക്കാലം മുതൽ ഉറുമ്പുകളോട് കടുത്ത ഭയം ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് സ്വന്തം നാട്ടിലെ ഒരു ആശുപത്രിയിൽ അവർ കൗൺസിലിംഗിന് വിധേയയായിരുന്നെങ്കിലും ഭയം വിട്ടുമാറിയില്ല.
സംഭവദിവസം രാവിലെ, വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞ് യുവതി മകളെ ഒരു ബന്ധുവിൻ്റെ വീട്ടിൽ കൊണ്ടുപോയി ആക്കിയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവ്, വീടിന്റെ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ യുവതിയുടെ ദുരിതം വ്യക്തമാക്കുന്നു:
“ശ്രീ, ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല. മകളെ പരിപാലിക്കണം. സൂക്ഷിക്കണം. വീട് വൃത്തിയാക്കുന്നതിനിടെ ഉറുമ്പുകളെ കണ്ടതിനെത്തുടർന്ന് കടുത്ത പരിഭ്രാന്തിയിലായതിനാലാകാം അവർ ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് പോലീസ് പറയുന്നു.
പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മൈർമെകോഫോബിയ എന്ന അവസ്ഥയുടെ ഗൗരവം വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന സംഭവം കൂടിയാണിത്.
