Home » Blog » Kerala » ആള് മാറിപ്പോയി, അത് സുകുമാരക്കുറുപ്പ് അല്ല!’: പാസ്‌പോര്‍ട്ടിലെ ഫോട്ടോ തൃശൂര്‍ സ്വദേശി ദാമോദര മേനോൻ്റേതെന്ന് ബന്ധുക്കള്‍
new-project-90

തൃശൂര്‍: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം സുകുമാരക്കുറുപ്പിൻ്റേതെന്ന നിലയിൽ പുറത്തുവന്ന പാസ്‌പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂര്‍ സ്വദേശി ദാമോദരമേനോന്റേതാണെന്നാണ് ബന്ധുക്കൾ അവകാശപ്പെടുന്നത്. കരുമത്ര സ്വദേശിയാണ് ദാമോദര മേനോന്‍. ഇയാള്‍ വര്‍ഷങ്ങളായി ബ്രൂണൈയിലാണെന്നും ബന്ധുക്കള്‍  പറഞ്ഞു.

പുറത്തുവന്ന ചിത്രങ്ങള്‍ ദാമോദര മേനോന്റേതാണെന്ന് സഹോദരന്‍ പറയുന്നു. ഇയാള്‍ ഇടയ്ക്ക് ഫോണില്‍ വിളിക്കുകയും ബന്ധുക്കളുമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാമോദര മേനോന് 80 വയസിനടുത്ത് പ്രായമുണ്ട്. പുറത്തുവന്ന ചിത്രം മൂന്ന് മാസം മുമ്പ് കണ്ടിട്ടുണ്ടെന്നും വാട്‌സ്ആപ്പില്‍ ഉള്‍പ്പടെ പ്രചരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലുള്ളത് ദാമോദര മേനോനാണെന്ന് നാട്ടുകാരും പറയുന്നുണ്ട്.

26 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദാമോദര മേനോന്‍ അവസാനമായി നാട്ടിലെത്തിയത്. പൂനൈയിലെ വിദ്യാഭ്യാസത്തിന് ശേഷം ദാമോദര മേനോന്‍ ലണ്ടണിലേക്ക് പോയി. പിന്നീട് തിരിച്ചുവരികയും മലേഷ്യയിലേക്ക് പോവുകയുമായിരുന്നു. 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് മക്കളുണ്ട്. നിലവില്‍ ദാമോദര മേനോന്‍ ഒരു അപകടത്തില്‍പ്പെട്ട് ചികിത്സയിലാണെന്നും സഹോദരന്‍ വ്യക്തമാക്കി. ചിത്രങ്ങൾ എങ്ങനെ പ്രചരിച്ചു എന്നതില്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *